ബൈക്ക് മരത്തിലിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ചെറിയനാട്: ആലപ്പുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു. ചെറിയനാട് നാടാലില്‍ തെക്കേതില്‍ ഷണ്‍മുഖന്‍ ഹരിദാസ് (22), അപ്പു ഹരിദാസ് (18) എന്നിവരാണ് മരണപ്പെട്ടത്. പെയിന്റിങ് തൊഴിലാളിയായ എന്‍.ആര്‍ ഹരിദാസിന്റെ മക്കളാണ് ഇരുവരും.

ശനിയാഴ്ച രാത്രി പത്തേമുക്കാലോടെ ചെറിയനാട് പുലിയൂര്‍ റോഡില്‍ കുളിക്കാംപാലം ജംഗ്ഷന് തെക്ക് ഗുരുമന്ദിരത്തിനു സമീപമാണ് അപകടമുണ്ടായത്. അമ്മ സുജിതയുടെ പുലിയൂര്‍ ഇടവങ്കാട്ട് വീട്ടില്‍ മുത്തശ്ശിക്കു ഭക്ഷണം കൊടുക്കാന്‍ പോവുമ്പോള്‍ ബൈക്ക് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.

ഇരുവരെയും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കിയ ഷണ്‍മുഖന്‍ വിദേശത്തേക്ക് ജോലിക്ക് പോകുന്നതിന് തയാറെടുക്കുന്നതിനിടെയാണ് അപകടം. അപ്പു കുന്നം ഗവ.എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

Top