‘ചെയര്‍മാന്‍ പറയുന്നത് ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്’; ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ അംഗങ്ങള്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന രഞ്ജിത്തിന്റെ നിലപാടിനെതിരെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ചെയര്‍മാന്‍ പറയുന്നത് ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്. അക്കാദമിയെ അവഹേളിക്കുന്ന സംസാരമാണ് രഞ്ജിത്തിന്റേത്. കലാകാരന്മാരെ മ്ലേച്ഛമായ രീതിയില്‍ അപമാനിക്കുന്നു. ഒന്നുകില്‍ രഞ്ജിത്ത് സ്വയം തിരുത്തണം, അല്ലെങ്കില്‍ സര്‍ക്കാര്‍ രഞ്ജിത്തിനെ പുറത്താക്കണമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. രഞ്ജിത്തിനെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

‘രാജിവെയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ല’; ചലച്ചിത്ര അക്കാദമിയില്‍ ഭിന്നതയില്ലെന്ന് ചെയര്‍മാന്‍ രഞ്ജിത്ത് ഏകാധിപതി എന്ന രീതിയിലാണ് രഞ്ജിത്ത് ഇന്ന് സംസാരിച്ചത്. കൗണ്‍സിലിലേക്ക് ആളെ എടുക്കുന്നതും മറ്റും തീരുമാനിക്കേണ്ടത് ഒറ്റക്കല്ല എന്ന് മനോജ് കാന പ്രതികരിച്ചു. ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ല. ആറാം തമ്പുരാനായി ചെയര്‍മാന്‍ നില്‍ക്കുന്നതുകൊണ്ടല്ല ചലച്ചിത്രമേള ഭംഗിയായി നടക്കുന്നത്. ഇത് വരിക്കാശേരി മന അല്ല, ചലച്ചിത്ര അക്കാദമി ആണെന്നും മനോജ് കാന കൂട്ടിച്ചേര്‍ത്തു.

രഞ്ജിത്ത് പത്ര സമ്മേളനം നടത്തുന്നതിന് മുന്നേ പോലും അംഗങ്ങളോട് ഇതേ കുറിച്ച് സംസാരിച്ചിട്ടില്ല. അംഗങ്ങളാരും അക്കാദമിക്ക് എതിരല്ല. ചെയര്‍മാന്‍ കാണിക്കുന്ന മാടമ്പിത്തരത്തിനാണ് എതിര് നില്‍ക്കുന്നത്. കൗണ്‍സിലില്‍ ആരെ എടുക്കണം എന്നത് ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനം അല്ല, അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Top