അധ്യായന വര്‍ഷം; അഫ്ഗാനിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ശൂന്യം

കാബൂള്‍: താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെയുള്ള അഫ്ഗാനിസ്ഥാന്‍ സ്‌കൂള്‍ അധ്യായന വര്‍ഷത്തിലെ ആദ്യദിനത്തില്‍ കാബൂളിലെ മിക്ക സര്‍വകലാശാലകളും കാലിയായിരുന്നു. ക്ലാസ് റൂമുകളില്‍ താലിബാന്‍ ഏര്‍പ്പെടുത്തിയ പുതിയ നിയമങ്ങളില്‍ വിദ്യാര്‍ഥികളും അധ്യാപകരും അനിശ്ചിതത്വത്തില്‍ തുടരുന്ന കാഴ്ചയാണ് സ്‌കൂളുകളില്‍ പ്രകടമാകുന്നത്.

സ്ത്രീസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കുകയും ചെയ്തിരുന്ന 1996-2001 കാലഘട്ടം ആവര്‍ത്തിക്കില്ലെന്ന് താലിബാന്‍ വാഗ്ദ്ധാനം ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സ്ത്രീകള്‍ക്ക് സര്‍വകലാശാലകളിലേക്ക് പോകാന്‍ അനുവാദമുണ്ടെങ്കിലും വസ്ത്രങ്ങളിലും ക്ലാസ് മുറികളിലെ ഇരിപ്പിടങ്ങളിലും കടുത്ത നിയന്ത്രണമാണ് താലിബാന്‍ ഏര്‍പ്പെടുത്തി വരുന്നത്.

പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മറയുന്ന പര്‍ദ്ദ പോലുള്ള വസ്ത്രങ്ങളും മുഖാവരണവും ധരിക്കണം. കൂടാതെ സര്‍വകലാശാല ക്ലാസ് മുറികളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ വേര്‍തിരിച്ച് കൊണ്ട് മറ വേണമെന്നുമാണ് താലിബാന്റെ നിര്‍ദേശം.

തങ്ങളുടെ വിദ്യാര്‍ഥികള്‍ ഈ നിര്‍ദേശം അംഗീകരിക്കുന്നില്ലെന്നും സര്‍വകലാശാല അടച്ചുപൂട്ടേണ്ടി വരുമെന്നും കാബൂളിലെ ഗര്‍ജിസ്താന്‍ സര്‍വകലാശാല ഡയറക്ടര്‍ നൂര്‍ അലി റഹ്‌മാനി പറഞ്ഞു. തിങ്കളാഴ്ച കാമ്പസ് ഏതാണ്ട് കാലിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലാസ് മുറികളുടെ ക്രമീകരണം സംബന്ധിച്ച് ഞായറാഴ്ച താലിബാന്‍ വിദ്യാഭ്യാസ അതോറിറ്റി ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വെവ്വേറെ ക്ലാസുകളില്‍ ഇരുത്തണം. അല്ലെങ്കില്‍ 15 ഓ അതില്‍ കുറവോ കുട്ടികളുള്ള ക്ലാസാണെങ്കില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ ഒരു മറ സ്ഥാപിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

‘ഇത് ചെയ്യാന്‍ ബുദ്ധിമുട്ടായത് കൊണ്ട് തന്നെ ഈ നിര്‍ദേശം ഞങ്ങള്‍ അംഗീകരിച്ചിട്ടില്ല. ഇത് യഥാര്‍ഥ ഇസ്ലാമല്ല, ഖുറാന്‍ ഇങ്ങനെയല്ല പറയുന്നത്’നൂര്‍ അലി റഹ്‌മാനി വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.

ക്ലാസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷം എന്റോള്‍ ചെയ്ത 1000 വിദ്യാര്‍ത്ഥികളില്‍ 10 മുതല്‍ 20 ശതമാനം വരെ മാത്രമാണ് തിങ്കളാഴ്ച ഗര്‍ജിസ്ഥാന്‍ സര്‍വകലാശാലയില്‍ എത്തിയതെന്ന് റഹ്‌മാനി പറഞ്ഞു. താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം 30 ശതമാനം വിദ്യാര്‍ഥികള്‍ അഫ്ഗാനിസ്ഥാന്‍ വിട്ടതായും അദ്ദേഹം വ്യക്തമാക്കി.

 

Top