ജവാന്റെ വീട്ടില്‍ യോഗി ആദിത്യനാഥ് ; വിഐപി സൗകര്യങ്ങള്‍ വിവാദമായി

ന്യൂഡല്‍ഹി : പാക് സൈനികര്‍ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത ബിഎസ്എഫ് ജവാന്‍ പ്രേം സാഗറിന്റെ കുടുംബത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു.

എന്നാല്‍, മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനായി ഒരുക്കിയ വിഐപി സൗകര്യങ്ങള്‍ പുതിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി മരുന്നിട്ടിരിക്കുകയാണ്.

യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വീരമൃത്യുവരിച്ച ജവാന്റെ വീട്ടില്‍ എസി, സോഫ, കര്‍ട്ടനുകള്‍, കാര്‍പെറ്റ്, കസേരകള്‍ എന്നിവ എത്തിക്കുകയും മുഖ്യമന്ത്രിയുടെ സന്ദര്‍ശന ശേഷം ഇവ തിരികെ കൊണ്ടു പോവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

‘അവര്‍ എസി കൊണ്ടുവച്ചു. ഒരു സോഫാ സെറ്റും വലിയ കാര്‍പെറ്റും വീട്ടില്‍ കൊണ്ടുവന്നു. വൈദ്യുതി ബന്ധം തടസപ്പെടാതിരിക്കാന്‍ ഒരു ജനറേറ്ററും സ്ഥാപിച്ചു. പക്ഷേ, മുഖ്യമന്ത്രി തിരികെ പോയപ്പോള്‍ തന്നെ എല്ലാം അവര്‍ കൊണ്ടുപോവുകയും ചെയ്തു. നടപടി ഞങ്ങളെ അപമാനിക്കുന്നതായിരുന്നു’ വീരമൃത്യുവരിച്ച ജവാന്റെ സഹോദരന്‍ ദയാശങ്കര്‍ പറഞ്ഞു. ഇദ്ദേഹവും ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ ആണ്.

മുളവടിയില്‍ നിര്‍ത്തിയാണ് എസി താല്‍ക്കാലികമായി സ്ഥാപിച്ചത്. ഏതാണ്ട് 25 മിനിറ്റോളമാണ് യോഗി ആദിത്യനാഥ് ജവാന്റെ വീട്ടില്‍ ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മുന്‍പ് ജവാന്റെ വീട്ടിലേക്കുള്ള വഴി കോണ്‍ക്രീറ്റ് ചെയ്‌തെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഒന്നായ ഡിയോറിയ എന്ന സ്ഥലത്താണ് ജവാന്റെ വീട്. വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് മുഖ്യമന്ത്രി നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നു ഉറപ്പ് നല്‍കിയിട്ടുണ്ട്.

ബിഎസ്എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന പ്രേം സാഗര്‍ മേയ് ഒന്നിനാണ് പൂഞ്ചില്‍ വച്ച് കൊല്ലപ്പെട്ടത്.

Top