എടിഎമ്മുകളിലെ എസി മോഷണം ; അഞ്ചംഗ സംഘം അറസ്റ്റില്‍

ATM1

ഹൈദരാബാദ്: നഗരത്തിലെ എടിഎമ്മുകളിലെ എ.സി മോഷണ സംഘം അറസ്റ്റില്‍. അഞ്ചംഗ സംഘത്തെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 41 എടിഎമ്മുകളില്‍ നിന്നായി 80 എ.സികളാണ് ഇവര്‍ മോഷ്ടിച്ചിരിക്കുന്നത്. എ.സികളുടെ കംപ്രസറുകളും ഇവര്‍ മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മുഹമ്മദ് അഹ്‌സാന്‍ റഹ്മാന്‍, മുഹമ്മദ് ആദില്‍, സയിദ് അക്രം, മുഹമ്മദ് ഇസ്മയില്‍, മുഹമ്മദ് വസീദ് ഖാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എ.ടി.എമ്മുകളില്‍ സിസിടിവിയും എസിയും ഇന്‍സ്റ്റാള്‍ ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരന്‍ റഹ്മാനാണ് കവര്‍ച്ചയുടെ മുഖ്യസൂത്രധാരനെന്ന് പൊലീസ് വ്യക്തമാക്കി.

23 സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. ഏകദേശം 15 ലക്ഷം രൂപ വില വരുന്ന എ.സികളും കംപ്രസറുകളുമാണ് ഇവര്‍ മോഷ്ടിച്ചിരിക്കുന്നതെന്നാണ് പൊലീസ് വിലയിരുത്തല്‍.

Top