ലൈഫ് മിഷന്‍; സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് എ.സി മൊയ്തീന്‍

തൃശ്ശൂര്‍: ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്യാത്തത് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ സി മൊയ്തീന്‍. സിബിഐ അന്വേഷണത്തിലെ മാനദണ്ഡങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മ്മാണം കോടതിയുടെ പരിഗണനയിലാണെന്നും അതിനാലാണ് കരാറുകാര്‍ പണി നിര്‍ത്തിയതെന്നും മൊയ്തീന്‍ വിശദീകരിച്ചു.

ലൈഫ് വിവാദം തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ആയതാണെന്ന് പറഞ്ഞ മന്ത്രി കേന്ദ്ര ഏജന്‍സികളുടെ ഇടപെടലില്‍ രാഷ്ട്രീയമുണ്ടെന്ന വാദം ആവര്‍ത്തിച്ചു. ലൈഫില്‍ ഇത് വരെയുള്ള അന്വേഷണത്തില്‍ എന്താണ് കണ്ടെത്തിയതെന്നും മൊയ്തീന്‍ ചോദിച്ചു. സിബിഐയെ രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം എതിര്‍ക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും മൊയ്തീന്‍ ചൂണ്ടിക്കാട്ടി.

നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു മൊയ്തീന്റെ മറുപടി. സ്വയം പ്രഖ്യാപനങ്ങള്‍ സിപിഎമ്മില്‍ പതിവില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

Top