ജെ.എന്‍.യുവില്‍ സംഘര്‍ഷം, വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ബാലറ്റ് പെട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ കാരണമായത്.

‘വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിക്കുകയും ബാലറ്റ് പേപ്പര്‍ അടങ്ങിയ സീല്‍ ചെയ്ത പെട്ടികള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു’ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇവര്‍ ആക്രണം നടത്തുകയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി കമ്മറ്റി സാക്ഷ്യപ്പെടുത്തി. എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന്‌ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. നടപടിക്രമങ്ങള്‍ തങ്ങളെ കൃത്യമായി അറിയിച്ചിരുന്നില്ലെന്ന് എ.ബി.വി.പി വ്യക്തമാക്കി.

നേരത്തെ അന്തര്‍ദേശീയ പഠനവിഭാഗത്തിന്റെ ചില്ലുകള്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.ഇവര്‍ പ്രവര്‍ത്തകര്‍ മാപ്പ് പറയണമെന്നാണ് മറ്റ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സര്‍വകലാശാലയുടെ സമീപകാല ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പായിരുന്നു ഇത്.

Top