അമളി പിണഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍; പ്രതിഷേധം നടത്തിയത് വീട് മാറി കയറി

തിരുവനന്തപുരം: അമളി പിണഞ്ഞ് എബിവിപി പ്രതിഷേധക്കാര്‍. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ വീടെന്ന് കരുതി എബിവിപിക്കാര്‍ 15 മിനിറ്റോളം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് വി.സിയുടെ ഭാര്യാ പിതാവിന്റെ വീടിന് മുന്നിലായിരുന്നു. ഇതോടെ നാല് എബിവിപി പ്രവര്‍ത്തകരെ പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി.

കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ വീട് ഉപരോധിക്കാനാണ് രാവിലെ 7 മണിയോടെ എബിവിപിയുടെ നാല് സംസ്ഥാന നേതാക്കള്‍ കൊച്ചുളളൂരിലെ അര്‍ച്ചന നഗറിലെത്തിയത്.

എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ ആദ്യം കണ്ട വീടിന്റെ ഗേറ്റ് തളളിതുറന്ന് അകത്ത് കയറി വരാന്തയിലിരുന്ന് മുദ്രാവാക്യം വിളി തുടങ്ങി. എന്നാല്‍ എബിവിപികാര്‍ ഉപരോധിച്ചതാവട്ടെ കേരളാ വിസി മഹാദേവന്‍ പിളളയുടെ ഭാര്യ പിതാവും ലയോള കോളേജിലെ മുന്‍ അധ്യാപകനുമായ ടിഎസ്എന്‍ പിളളയുടെ വീട്.

കേരളാ വൈസ് ചാന്‍സിലര്‍ മഹാദേവന്‍പിളള താമസിക്കുന്നത് അതിന് പുറകിലുള്ള മറ്റൊരു വീട്ടിലായിരുന്നു. പ്രൊഫസര്‍ മഹാദേവന്‍ പിളളയുടെ ഭാര്യ മാതാവ് മാത്രമാണ് ഉപരോധം നടക്കുമ്പോള്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്. ബഹളം കേട്ട് വൃദ്ധയായ ഭാര്യ മാതാവ് ഭയപ്പെട്ട് ഇരിക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് എസ്ഐ ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി നാല് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.

Top