മന്ത്രി മുഹമ്മദ് റിയാസിനെതിരായ അധിക്ഷേപപരാമര്‍ശം; ഖേദപ്രകടനവുമായി ലീഗ് നേതൃത്വം

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുളള പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് ലീഗ് നേതൃത്വം. റാലിയില്‍ പ്രസംഗിച്ച ചിലര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ തളളിക്കളയുന്നതായും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് റാലിക്കിടെയാണ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി മന്ത്രി മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ഇന്നലെ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പ്രസംഗിച്ചവരില്‍ നിന്നും ചില വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വന്നത് ന്യായീകരിക്കുന്നില്ല. അത്തരം പരാമര്‍ശത്തില്‍ ഖേദമുണ്ടെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കുന്നു. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

പിന്നാലെ ഖേദം പ്രകടിപ്പിച്ച് വിവാദ പരാമര്‍ശം നടത്തിയ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി രംഗത്തെത്തി. മതപരമായ കാഴ്ചപ്പാടാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നും ആരെയും കുടുംബപരമായോ വ്യക്തപരമായോ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അബ്ദുറഹ്മാന്‍ കല്ലായി വിശദീകരിച്ചു.

Top