മേയര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം; മാപ്പു പറഞ്ഞ് കെ.മുരളീധരന്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് കെ.മുരളീധരന്‍ എം.പി. തന്റെ പ്രസ്താവന മേയര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കെ.മുരളീധരന്‍ പറഞ്ഞു. തന്റെ ഒരു പ്രസ്താവനയും സത്രീകളെ വേദനിപ്പിക്കരുതെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍ മേയറുടെ പക്വതക്കുറവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും കെ. മുരളീധരന്‍ പറഞ്ഞു.

മേയര്‍ക്ക് സൗന്ദര്യമുണ്ടെന്ന് പറഞ്ഞത് അശ്ലീലമായി കരുതുന്നില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നത് അവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായെന്ന് പറയുന്നതിനാലാണെന്നും മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തില്‍ ഒരു പ്രസ്താവനയും സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ നടത്തിയിട്ടില്ല. ഇനിയും അങ്ങനെ ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കാന്‍ ഡി.വൈ.എഫ്.ഐയും ആനാവൂര്‍ നാഗപ്പനും വളര്‍ന്നിട്ടില്ലെന്നും മുരളീധരന്‍ പറയുന്നു.

അതേസമയം, അധിക്ഷേപകരമായ പരാമര്‍ശവുമായി ബന്ധപ്പെട്ട് കെ.മുരളീധരന്‍ എം.പിക്കെതിരെ പരാതി നല്‍കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കിയത്. കെ. മുരളീധരനെതിരെ കേസെടുക്കണമോ എന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ആര്യ രാജേന്ദ്രനെതിരെ കഴിഞ്ഞ ദിവസമാണ് കെ.മുരളീധരന്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. മേയര്‍ക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.

Top