ലോക്ക്ഡൗണിന് ശേഷം അബുദാബിയില്‍ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി

കൊച്ചി: അബുദബിയില്‍ നിന്ന് 181 പ്രവാസികളുമായി ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. അബുദബിയില്‍ യാത്രയ്ക്കു മുന്നോടിയായി നടത്തിയ പരിശോധനകളില്‍ ആരിലും കൊവിഡ് 19 ലക്ഷണങ്ങള്‍ കണ്ടില്ല. ഇവരെ നെടുമ്പാശേരി വിമാനത്താളത്തിലെ കൊവിഡ് 19 പിസിആര്‍ പരിശോധനകള്‍ക്ക് ശേഷം വിവിധ ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കു മാറ്റും.

യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലക്കാര്‍. ഇവരെ കളമശ്ശേരി എസ്‌സിഎംഎസ് കോളജ് ഹോസ്റ്റലിലേയ്ക്കാണ് മാറ്റുന്നത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 60 യാത്രക്കാരുമായി മൂന്ന് ബസുകള്‍ തൃശൂര്‍ നഗരത്തിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കാണ് പുറപ്പെടുക.

കാസര്‍കോട് ജില്ലക്കാരനായ ഏക യാത്രക്കാരന് തല്‍ക്കാലം എറണാകുളത്താണ് ക്വാറന്റൈന്‍. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പരിശോധനകള്‍ക്കു ശേഷം രോഗലക്ഷണമില്ലെങ്കില്‍ സ്വന്തക്കാര്‍ക്കൊപ്പമോ വിമാനത്താവളത്തില്‍ ഒരുക്കിയ ടാക്‌സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവര്‍ 14 ദിവസം വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാനാണ് നിര്‍ദ്ദേശം. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലന്‍സിലേയ്ക്ക് മാറ്റും. അവിടെ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റും.

രോഗലക്ഷണമില്ലാത്തവര്‍ക്ക് ഹെല്‍ത്ത് കൗണ്ടറുകളില്‍ പരിശോധന നടത്തി ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിച്ച് അവിടെ നിന്ന് ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടു പോകും. ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് മുമ്പിലും കണ്‍വെയര്‍ ബെല്‍റ്റിന് വശങ്ങളിലും അകലം പാലിച്ച് നില്‍ക്കാനുള്ള പ്രത്യേക അടയാളങ്ങള്‍ വച്ചിട്ടുണ്ട്. അഞ്ചാം നമ്പര്‍ ബെല്‍റ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

ബാഗേജുകളെ അണുനശീകരണം നടത്താന്‍ ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ സഹായമുള്‍പ്പെടെ വിപുലമായ സന്നാഹമാണ് സിയാലില്‍ ഒരുക്കിയത്. ആകെ പത്ത് ഉദ്യോഗസ്ഥരാണ് അഞ്ച് ഇമിഗ്രേഷന്‍ കൗണ്ടറുകളിലായുള്ളത്. ഇവ ഗ്ലാസ് മറകള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. കൊവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് സിയാലില്‍ നടപ്പിലാക്കിയത്. ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടര്‍ന്ന് പുറത്ത് ഒരുക്കിയ ബസുകളിലേയ്ക്ക് ഇവരെ നയിക്കും. എട്ട് കെഎസ്ആര്‍ടിസി ബസുകളാണ് ഇവിടെ തയാറായിട്ടുള്ളത്. 40 ടാക്‌സികളും തയാറാക്കിയിട്ടുണ്ട്.

Top