ഏഷ്യയിലെ ആദ്യ ‘ബൈക്ക് സിറ്റി’യായ് അബുദാബി

അബുദാബി : സൈക്ലിങ്ങിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളൊരുക്കി യൂണിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണലില്‍നിന്ന് (യു.സി.ഐ.) അബുദാബി ‘ബൈക്ക് സിറ്റി’ ലേബല്‍ സ്വീകരിച്ചു. ഏഷ്യയില്‍ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ നഗരമായി ഇതിലൂടെ അബുദാബി മാറിയിരിക്കുകയാണ്. അബുദാബി എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗവും എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അംഗീകാരം ഔദ്യോഗികമായി സ്വീകരിച്ചു. നോര്‍വേയിലെ ബെര്‍ഗെന്‍, ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപെന്‍ഹെഗെന്‍, സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്‌കോ, ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ് എന്നീ നഗരങ്ങള്‍ക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്.

സൈക്ലിങ് കായികയിനത്തിന്റെ ആഗോള ഭരണസംഘമായ യു.സി.ഐ.യില്‍നിന്ന് ലഭിച്ച ഈ അംഗീകാരം അബുദാബി സൈക്ലിങ്ങിനുവേണ്ടി നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടമാണെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ജീവിതസാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഭരണനേതൃത്വം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ അടിസ്ഥാനം. സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതരീതി പിന്തുടരാനുള്ള പ്രോത്സാഹനമാണ് ഇത് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഒട്ടേറെ പ്രൊഫഷണല്‍, അമേച്വര്‍ സൈക്ലിങ് മത്സരങ്ങള്‍ക്ക് വേദിയാണ് അബുദാബി. നഗരത്തിലെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള സൈക്ലിങ് ട്രക്കുകളും അബുദാബിയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.

 

Top