അബുദാബിയിലെ കോടതികളില്‍ ഹിന്ദിയും ഇനി ഔദ്യോഗിക ഭാഷ

അബുദാബി: ഹിന്ദിയെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് അബുദാബിയിലെ കോടതികള്‍. അറബിയും ഇംഗ്ലീഷുമാണ് മറ്റു രണ്ടു ഭാഷകള്‍. കോടതിയിലെ രേഖകളടക്കം ഇനി ഹിന്ദിയില്‍ ലഭ്യമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നിയമ നടപടികളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും വ്യക്തമായ അവബോധമുണ്ടാവാന്‍ ഹിന്ദി സംസാര ഭാഷയായിട്ടുള്ളവരെ സഹായിക്കുകയാണു ലക്ഷ്യമെന്ന് അബുദാബി ജുഡീഷല്‍ ഡിപ്പാര്‍ട്ടുമെന്റ് (എഡിജെഡി) വെബ്‌സൈറ്റില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനടപടികളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ഇതു സഹായിക്കുമെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. യുഎഇ ജനസംഖ്യയുടെ 30 ശതമാനവും ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരാണ്. തൊഴില്‍ സംബന്ധമായ കേസുകളിലെ ക്ലെയിം ഫോമുകള്‍ അടക്കം ഹിന്ദിയില്‍ ലഭ്യമാകും.

Top