സുവർണ ജൂബിലി ഗംഭീരമാക്കാൻ അബുദാബി; വൈവിധ്യമാർന്ന പരിപാടികൾ

അബൂദബി: യു.എ.ഇയുടെ 50ാം ദേശീയ ദിനാഘോഷ ഭാഗമായി അരങ്ങേറുന്ന പരിപാടികളെക്കുറിച്ച് വെളിപ്പെടുത്തി സാംസ്‌കാരിക, ടൂറിസം മന്ത്രാലയം. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരെയാണ് വകുപ്പിന്റെ നേതൃത്വത്തില്‍ യു.എ.ഇയുടെ സുവര്‍ണജൂബിലി ആഘോഷിക്കുന്നത്. യു.എ.ഇയുടെ സാംസ്‌കാരിക പൈതൃകവും വൈവിധ്യവും വ്യക്തമാക്കുന്ന ആഘോഷങ്ങളും സംഗീത, നൃത്ത പരിപാടികളും കായിക പരിപാടികളും കരിമരുന്ന് പ്രകടനങ്ങളും അടക്കം ഇരുപതിലേറെ പരിപാടികളാണ് നടക്കുകയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഡിസംബര്‍ രണ്ടിന് രാത്രിയിലാണ് അബൂദബിയുടെ ആകാശം കരിമരുന്ന് പ്രകടനം കൊണ്ട് വര്‍ണാഭമാക്കുക. അബൂദബി നഗരത്തിനു പുറമേ അല്‍ ഐന്‍, അല്‍ ദഫ്രയിലും കരിമരുന്ന് പ്രകടനങ്ങളുണ്ടാവും. അല്‍ മര്‍യ ദ്വീപില്‍ ഡിസംബര്‍ രണ്ടിനും മൂന്നിനും കരിമരുന്ന് പ്രകടനമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു. രാത്രി ഒമ്പതിനാണ് കരിമരുന്ന് പ്രകടനം ആരംഭിക്കുക. ബവാബത്ത് അല്‍ ശര്‍ഖ് മാളില്‍ ഡിസംബര്‍ രണ്ടിന് രാത്രി എട്ടിനും കരിമരുന്ന് പ്രകടനമുണ്ടാവും.

 

 

Top