അബുദാബിയിലെ അല്‍ റീം ഐലന്റില്‍ വന്‍ തീ പിടുത്തം

അബുദാബി: അബുദാബിയിലെ അല്‍ റീം ഐലന്റില്‍ വന്‍ തീ പിടുത്തം. ദ്വീപിലെ രണ്ട് ഗോഡൗണുകളിലാണ് തീപിടിത്തം ഉണ്ടായത്.സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന സേനാംഗത്തിനാണ് പൊള്ളലേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.55 ഓടെ ഗോഡൗണുകള്‍ക്ക് സമീപമുണ്ടായിരുന്ന നിര്‍മ്മാണ സാമഗ്രികള്‍ക്ക് തീ പിടിക്കുകയായിരുന്നു. അതിവേഗം തീപിടിക്കുന്ന വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നത് തീ പടരുന്നതിന് കൂടുതല്‍ ഇടയാക്കി.

അഗ്‌നിശമന സേനയും സിവില്‍ ഡിഫന്‍സും ആംബുലന്‍സുകളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിസരത്തെ മറ്റ് ഗോഡൗണുകളിലേക്ക് തീ പടരാതെ നിയന്ത്രിക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് സേനാംഗത്തിന് സാരമായി പൊള്ളലേറ്റത്. സ്ഥാപനങ്ങള്‍ മതിയായ അഗ്നിരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും അവ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

Top