ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി

അബുദാബി: ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ്.

ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും.

പുതിയ പട്ടികയില്‍ മാള്‍ട്ടയെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നേരത്തെ പട്ടികയിലുണ്ടായിരുന്ന യു.കെ, താജികിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ഒഴിവാക്കുകയും ചെയ്തു. നിലവില്‍ യു.കെയുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യമാണ് യുഎഇ. അതുകൊണ്ടുതന്നെ യുഎഇയില്‍ നിന്ന് യു.കെയിലെത്തുന്നവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

2021 ജൂണ്‍ 14ന് പ്രസിദ്ധീകരിച്ച ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഓസ്‌ട്രേലിയ, അസര്‍ബൈജന്‍ ഭൂട്ടാന്‍, ബ്രൂണെ, ചൈന, ക്യൂബ, ജര്‍മനി, ഗ്രീന്‍ലാന്റ്, ഹോങ്കോങ്ങ്, ഐസ്‌ലന്റ്, ഇസ്രയേല്‍, ജപ്പാന്‍, കിര്‍ഗിസ്ഥാന്‍, മാള്‍ട്ട, മൗറീഷ്യസ്, മൊള്‍ഡോവ, മൊറോക്കോ, ന്യൂസീലന്റ്, പോര്‍ച്ചുഗല്‍, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്റ്, തായ്‌വാന്‍, അമേരിക്ക, ഉസ്‌ബെകിസ്ഥാന്‍ എന്നിവയാണ്.

കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഗ്രീന്‍ ലിസ്റ്റില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. വിശദവിവരങ്ങല്‍ www.visitabudhabi.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാവും.

 

Top