അബുദാബി തുറമുഖ വരുമാനത്തില്‍ വന്‍വര്‍ധന

അബുദാബി: തുറമുഖ വരുമാനത്തില്‍ 2021 ആദ്യപകുതിയില്‍ വന്‍ വര്‍ധനയെന്ന് അബുദാബി പോര്‍ട്ട് ഗ്രൂപ്പ് റിപ്പോര്‍ട്ട്. 183.2 കോടി ദിര്‍ഹത്തിന്റെ ഇടപാടുകളാണ് അബുദാബി തുറമുഖം വഴി നടന്നത്. കഴിഞ്ഞവര്‍ഷം ഇതേ സമയം 151.7 കോടി ദിര്‍ഹമായിരുന്നു വരുമാനം. 21 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തുന്നത്.

തുടര്‍ച്ചയായ വികസന പ്രവര്‍ത്തനങ്ങളും ബിസിനസ് വിപുലീകരണവുമാണ് ഇത്ര മികച്ച നേട്ടത്തിലേക്ക് നയിച്ചതെന്ന് അബുദാബി പോര്‍ട്ട് സി.ഇ.ഒ. ക്യാപ്റ്റന്‍ മുഹമ്മദ് ജുമ അല്‍ ഷംസി പറഞ്ഞു. ഉപഭോക്തൃകേന്ദ്രീകൃത ബിസിനസ് മാതൃകയാണ് ഇവിടെ നടപ്പാക്കുന്നത്.

കൃത്യവും ഉറപ്പുള്ളതുമായ വരുമാനം ഉറപ്പാക്കുന്ന ദീര്‍ഘകാല ഉടമ്പടി അടിസ്ഥാനത്തിലുള്ള ബിസിനസ് ഇവിടെ നടക്കുന്നുണ്ട്. അബുദാബിയുടെയും യു.എ.ഇ.യുടെയും സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് സദാ പ്രതിജ്ഞാബദ്ധമാണെന്നും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും ഷംസി പറഞ്ഞു.

കൂടുതല്‍ കപ്പല്‍ നിരകളുടെ സുഗമമായ വന്നുപോക്കിന് സഹായകമാകും വിധം തുറമുഖ നവീകരണം അബുദാബി നടപ്പാക്കിയിരുന്നു. ഇതോടൊപ്പം തന്നെ മികച്ച അടിസ്ഥാന സൗകര്യവികസനവും തുറമുഖ വരുമാനം ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

 

Top