കോവിഡ് ബാധിതരെ കണ്ടെത്താന്‍ സ്മാര്‍ട് ഹെല്‍മറ്റുമായി അബുദാബി പൊലീസ്

അബുദാബി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധിതരെ പെട്ടെന്ന് കണ്ടെത്താന്‍ സ്മാര്‍ട് ഹെല്‍മറ്റുമായി അബുദാബി പൊലീസ്. നവീന സാങ്കേതിക വിദ്യയില്‍ സജ്ജമാക്കിയ ഈ സ്മാര്‍ട്ട് ഹെല്‍മറ്റ് ധരിക്കുന്ന പൊലീസുകാരന് ആള്‍ക്കൂട്ടത്തില്‍നിന്ന് ശരീര താപനില ഉയര്‍ന്നവരെ എളുപ്പം തിരിച്ചറിയാനാകും.

ഉടന്‍ തന്നെ രോഗലക്ഷണമുള്ള വ്യക്തിയുടെ ചിത്രം പകര്‍ത്തി പൊലീസ് കണ്‍ട്രോള്‍ റൂമിന് കൈമാറാനുള്ള സംവിധാനവും ഇതിലുണ്ട്. 5 മീറ്റര്‍ അകലെ പോകുന്നവരുടെ പോലും ശരീരോഷ്മാവ് തിരിച്ചറിയാന്‍ ഹെല്‍മറ്റിനു സാധിക്കും. മാത്രമല്ല പകലും രാത്രിയിലും ഒരുപോലെ പ്രവര്‍ത്തിക്കും. ഇതനുസരിച്ച് രോഗിയെ ആശുപത്രിയിലേക്കോ ക്വാറന്റീനിലേക്കോ വേഗം മാറ്റാനാകും.

സ്മാര്‍ട് ഹെല്‍മറ്റ് ഉപയോഗിക്കാന്‍ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് സായിദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. ഇതനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍ സ്മാര്‍ട് ഹെല്‍മറ്റ് പൊലീസിലെ പ്രത്യേക സംഘത്തിനു കൈമാറി.

Top