abu dhabi national bank

ന്യൂഡല്‍ഹി: അബുദാബി നാഷണല്‍ ബാങ്കിന്റെ ആഗോള ബാങ്കിംഗ് ഇടപാടുകളുടെ കിഴക്കനേഷ്യയിലെ തലവനായി മലയാളിയായ ബിജു തോമസ് നിയമിതനായി. ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കേണ്ട ഈ ചുമതലയിലെത്തിയ ആദ്യ മലയാളിയാണ്.

ചൈന, ജപ്പാന്‍, സിങ്കപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലെ ഇറക്കുമതിയും കയറ്റുമതിയുമായി ബന്ധപ്പെട്ട വായ്പകള്‍ അടക്കമുള്ള ബാങ്കിന്റെ ഇടപാടുകളുടെ ചുമതലയാണ് ബിജുവിന്. നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയുടെ കേന്ദ്ര ആസ്ഥാനത്ത് ട്രാന്‍സാക്ഷന്‍ ബാങ്കിംഗ് ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനുമായ പ്രഫ. കെ.വി. തോമസിന്റെയും ഷേര്‍ലിയുടെയും മൂത്ത മകനാണ്. ലക്ഷ്മിയാണു ഭാര്യ. ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയായ നന്തിക ഏക മകളാണ്.

സൗദി അറേബ്യയിലെ പഴയ സിറ്റി ബാങ്കിന്റെ പുതിയ രൂപമായ സാമ്പ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ വാണിജ്യ, ധനകാര്യ വിഭാഗം തലവന്‍, ഐഡിബിഐ ബാങ്കിന്റെ കേരളത്തിലെ കോര്‍പറേറ്റ് ബാങ്കിംഗ് തലവന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന ബിജു മുമ്പ് ഐസിഐസിഐ ബാങ്കിന്റെ ചെന്നൈ ഓഫീസിലും റിലയന്‍സ് ഗ്രൂപ്പിന്റെ മുംബൈയിലെ കേന്ദ്ര ആസ്ഥാനത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top