അബുദാബിയില്‍ കൂടുതല്‍ ഹൈബ്രിഡ് ടാക്‌സികള്‍ നിരത്തിലിറങ്ങുന്നു

അബുദാബി : അബുദാബിയില്‍ കൂടുതല്‍ ഹൈബ്രിഡ് ടാക്‌സികള്‍ ഏര്‍പ്പെടുത്തും. കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് കുറക്കുന്നതിനായി പ്രകൃതി സൗഹാര്‍ദ്ദ ഗതാഗത സംവിധാനത്തിന് ഊന്നല്‍ നല്‍കാനാണ് അധികൃതരുടെ നീക്കം.

ഈ വര്‍ഷം അവസാനത്തോടെ ആയിരത്തോളം ഹൈബ്രിഡ് കാറുകളാവും അബുദാബി നിരത്തിലിറങ്ങുന്നത്. ഇലക്ട്രിക്, പെട്രോള്‍ എന്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളായിരിക്കും ഇവ. 907 ടൊയോട്ട കാംറി ഹൈബ്രിഡ് കാറുകളാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്.

പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന കാറുകളെക്കാള്‍ മികച്ച പ്രവര്‍ത്തനക്ഷമത ഇലക്‌ട്രോണിക് കാറുകള്‍ക്കുണ്ട്. പോയ വര്‍ഷം മുതല്‍ തവാസലിന്റെ 55 ഓളം ഇലക്ട്രോണിക് കാറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അബുദാബിയില്‍ സേവനം നടത്തുന്നുണ്ട്. വിവിധ ഏജന്‍സികളിലായി 6,147 ടാക്‌സികളാണ് അബുദാബി നിരത്തുകളില്‍ സേവനം നടത്തുന്നത്. ഹൈബ്രിഡ് സംവിധാനത്തിലേക്ക് വരുമ്പോള്‍ ഇന്ധന ചെലവ് ഗണ്യമായി കുറക്കാന്‍ സാധിക്കും.

Top