ഹാരിസ് കൊലപാതകം: ആത്മഹത്യയെന്ന് അബുദാബി പൊലീസ് വിധിയെഴുതിയ കേസ് സിബിഐക്ക്

കൊച്ചി: അബുദാബിയിലെ വ്യവസായി ഹാരിസ് തത്തമ്മപ്പറമ്പിൽ കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മകന്റെ മരണത്തിലെ മുഴുവൻ വസ്തുതകളും പുറത്ത് കൊണ്ടുവരണം എന്നാവശ്യപ്പെട്ട് അമ്മ, ടി.പി.സാറാബി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ആത്മഹത്യ എന്ന് അബുദാബി പൊലീസ് എഴുതിത്തള്ളിയ കേസ് പ്രതികളായ യുവാക്കളുടെ വെളിപ്പെടുത്തലോടെയാണ് സജീവമായത്. 2020ൽ നടന്ന മരണം കൊലപാതകമാണെന്നായിരുന്നു 2022 ഏപ്രിൽ 29ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വച്ച് പ്രതികളുടെ വെളിപ്പെടുത്തൽ. നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഷൈബിൻ അഷ്റഫിന്റെ നിർദേശപ്രകാരമായിരുന്നു കൊലപാതകം എന്നായിരുന്നു സലിം നൗഷാദ്, സക്കീർ എന്നിവരുടെ വെളിപ്പെടുത്തൽ. ഷൈബിൻ അഷ്റഫിന്റെ മുൻ പാർട്‍ണർ ആയിരുന്നു ഹാരിസ് തത്തമ്മപ്പറമ്പിൽ. ഇപ്പോൾ ഷൈബിൻ തങ്ങളെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഇരുവരും വെളിപ്പെടുത്തി.

തുടർന്നാണ് കേസെടുക്കണമെന്ന ആവശ്യവുമായി ഹാരിസിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തിയത്. പിന്നീട് കോടതി നിർദ്ദേശ പ്രകാരം നിലമ്പൂർ പൊലീസ് കേസെടുത്തെങ്കിലും വിദേശത്ത് നടന്ന കൊലപാതകത്തിൽ അന്വേഷണത്തിന് പരിമിതി ഉണ്ടായിരുന്നു. അന്വേഷണം ഇഴഞ്ഞതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സാറാബി ഹൈക്കോടതിയിൽ എത്തിയത്. കേരളത്തിലും അബുദാബിയിലും രണ്ട് ഘട്ടങ്ങളായി നടന്ന കുറ്റകൃത്യത്തിൽ വിശദമായ അന്വേഷണത്തിന് കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

കോഴിക്കോട് സ്വദേശിയായ ഹാരിസിനെ 2020 മാർച്ചിലാണ് അബുദാബിയിലെ ഫ്ലാറ്റിൽ സഹപ്രവർത്തകയായ ചാലക്കുടി സ്വദേശി ഡെൻസിക്ക് ഒപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്. ഡെൻസിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അബുദാബി പൊലീസ് വിധിയെഴുതിയ കേസിനാണ് അപൂർവ വെളിപ്പെടുത്തലോടെ വീണ്ടും ജീവൻ വച്ചിരിക്കുന്നത്. ഈ കേസിൽ, ഷാബ ഷെരീഫ് കൊലക്കേസിലെ പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ നേരത്തെ നിലമ്പൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്ന് ഹാരിസ് കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ്, കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ, ചാലക്കുടി സ്വദേശി ഡെൻസിയുടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.

Top