പ്രവാസികള്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തില്‍ വന്‍ വര്‍ദ്ധനവ്

റിയാദ്: സൗദി പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തില്‍ വര്‍ദ്ധനവ് തുടരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നവംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഇടിവ് സംഭവിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സൗദി ബാങ്കിംഗ് അതോറിറ്റിയായ സാമ പ്രസിദ്ധീകരിച്ച കണക്കുകളിലാണ് വിദേശ പണമിടപാടില്‍ പോയ മാസവും വര്‍ധനവ് രേഖപ്പെടുത്തിയത്. രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ച തുകയിലാണ് ഇത്തവണയും വര്‍ധനവ് രേഖപ്പെടുത്തിയത്. ജനുവരി മുതല്‍ നവംബര്‍ അവസാനം വരെയുള്ള കാലയളവില്‍ 13627 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 11397 കോടി റിയാല്‍ ആയിരുന്നു. ഏകദേശം 19.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.

ഈ വര്‍ഷം രണ്ടാം പകുതിയിലാണ് പണമിടപാടില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങിയത്. നവംബറില്‍ മാത്രം 1286 കോടി റിയാലിന്റെ വിദേശ പണമിടപാടാണ് ബാങ്കുകള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 991 കോടി റിയാലായിരുന്നു. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിദേശ പണമിടപാടാണ് ഈ വര്‍ഷം നടന്നത്. എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ ഇത്തവണയും കുറവ് രേഖപ്പെടുത്തി. 18.6 ശതമാനത്തിന്റെ കുറവാണ് ഈ രംഗത്ത് നേരിട്ടത്.

Top