പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി അധികാരം പിടിക്കുമെന്ന് എ.ബി.പി അഭിപ്രായ സര്‍വേ ഫലം

ചണ്ഡിഗഡ്: ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി അധികാരം പിടിക്കുമെന്ന് എ.ബി.പി അഭിപ്രായ സര്‍വേ ഫലം. 59 മുതല്‍ 63 സീറ്റുകള്‍വരെ നേടി അധികാരത്തില്‍ എത്തുമെന്നാണ് സര്‍വേയില്‍ പറയുന്നത്. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. കോണ്‍ഗ്രസ് 24 മുതല്‍ 30വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

ശിരോമണി അകാലിദളിന് 20 മുതല്‍ 26 വരെ സീറ്റ് ലഭിക്കും. ബി.ജെ.പി സഖ്യകക്ഷികള്‍ക്കും കൂടി 3 മുതല്‍ 11 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. എ.എ.പിക്ക് 40ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 30 ശതമാനം വോട്ടുകളാണ് ലഭിക്കുക. ശിരോമണി അകാലിദളിന് 20.2 ശതമാനം വോട്ടുകള്‍ ലഭിക്കും.

ഉത്തരാഖണ്ഡില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാദ്ധ്യതയെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുകയെന്നും, സര്‍വേയില്‍ പറയുന്നു. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ്ങ് ഛന്നിയെ പ്രഖ്യാപിച്ചു. ഇന്നലെ ലുധിയാനയില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഛന്നിയെ പ്രഖ്യാപിച്ചത്.

നേരത്തെ തന്നെ ആം ആദ്മി പാര്‍ട്ടി ഭഗ്‌വന്ത് മാനിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് ഏറെ മുന്നേറിയിരുന്നു. സിദ്ധുവുമായുള്ള വഴക്കിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി സഖ്യമുണ്ടാക്കിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Top