കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നത് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് ആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. കൊവിഡ് 19 രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ജനങ്ങള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ആവശ്യപ്പെട്ടു.

രാജ്യത്ത് പൊതുവില്‍ ടിപിആര്‍ കുറയുന്നുണ്ട്. എന്നാല്‍ കേരളം, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ടിപിആര്‍ 10ന് മുകളിലാണെന്നത് ആശങ്കയ്ക്ക് ഇടനല്‍കുന്നതാണ്. ഈ സംസ്ഥാനങ്ങളിലെ കോവിഡ് 19 സാഹചര്യവും വാക്‌സിനേഷന്‍ വാക്‌സിനേഷന്‍ സംബന്ധിച്ച സ്ഥിതിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടുതലായുള്ള സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശം നല്‍കി. മാസ്‌ക്, സാമൂഹ്യ അകലം തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടുമാത്രമേ വിനോദ സഞ്ചാരികളെ അനുവദിക്കാവൂ. വിനോദഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക കരുതല്‍ എടുക്കണമെന്നും യോഗം നിര്‍ദേശിച്ചു.

Top