നാഷണല്‍ ഹെരാള്‍ഡ് കേസ്: സോണിയയും രാഹുലും കുറ്റക്കാരാണെന്ന് തെളിയിച്ചതായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി കോടതിയില്‍ മൊഴി നല്‍കി. 2012ലാണ് സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ സ്വാമി കേസ് കൊടുത്തത്.

‘കോണ്‍ഗ്രസിന്റെ ആളുകള്‍ തന്നെയാണ് അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെയും യെങ് ഇന്ത്യയുടെയും ഭാരവാഹികള്‍. എജെഎല്ലിന്റെ സ്വത്ത് യെങ് ഇന്ത്യ കൈക്കലാക്കി. ഇത് രാഹുലിന്റെയും സോണിയയുടെയും തെറ്റ് വെളിച്ചത്ത് വരുന്ന സമയമാണിത്’ സുബ്രഹ്മണ്യസ്വാമി പറഞ്ഞു.

99 കോടി രൂപ എഐസിസി അസോസിയേറ്റ് ജേര്‍ണല്‍ ലിമിറ്റഡിന് നല്‍കാനുണ്ടെന്ന് ഇന്‍കം ടാക്‌സ് ഡല്‍ഹി കോടതിയെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും കനത്ത തിരിച്ചടി നല്‍കിയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഡല്‍ഹി ഹൈക്കോടതി ആദായനികുതി വകുപ്പിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഉത്തരവിട്ടത്.

സോണിയയും രാഹുലും ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയിട്ടുള്ള യങ് ഇന്ത്യന്‍ എന്ന സ്ഥാപനം ആദായ നികുതി വകുപ്പിന് ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ കൈമാറണമെന്നും കോടതി ഉത്തരവിട്ടിരുന്നു. നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിയിരുന്ന അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ വസ്തുവകകള്‍ യങ് ഇന്ത്യന്‍ ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്നായിരുന്നു കേസ്.

90 കോടിയുടെ അസോസിയേറ്റഡ് ജേണലിന്റെ സാമ്പത്തിക നഷ്ടം നികത്തിക്കൊള്ളാമെന്ന വ്യവസ്ഥയിലായിരുന്നു ഇടപാട്. ഇതില്‍ യങ് ഇന്ത്യന്റെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹമണ്യന്‍ സ്വാമി സമര്‍പ്പിച്ച കേസില്‍ ആദായ നികുതി വകുപ്പിനോട് അന്വേഷണം നടത്താന്‍ പട്യാല കോടതി ഉത്തരവിട്ടിരുന്നു.

Top