കാലവര്‍ഷക്കെടുതി: സംസ്ഥാനത്ത് 1221 ക്യാമ്പുകളിലായി 1.65 ലക്ഷം പേര്‍; 57 മരണം

തിരുവനന്തപുരം: ദുരിതപ്പെയ്ത്തില്‍ സംസ്ഥാനത്ത് ഇതുവരെ 1,65,519 പേര്‍ വിവിധ ക്യാമ്പുകളില്‍ അഭയം തേടിയതായി കണക്ക്. ശനിയാഴ്ച വൈകിട്ട് മൂന്നുമണി വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 1,318 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 46,400 കുടുംബങ്ങളില്‍നിന്നുള്ള 1,65,519 പേരാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍. 287 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ 11055 കുടുംബങ്ങളിലെ 37409 പേരാണ് കഴിയുന്നത്. വയനാട്ടില്‍ 197 ക്യാമ്പുകളിലായി 32276 പേര്‍ കഴിയുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ 12 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വയനാട് 10 മരണം റിപ്പോര്‍ട്ട് ചെയ്തു. മൊത്തം 57 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 196 വീടുകള്‍ പൂര്‍ണമായും 2234 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലെത്തി വിലയിരുത്തി. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസും വിശദീകരിച്ചു. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. കെ. രാമചന്ദ്രനും യോഗത്തില്‍ സംബന്ധിച്ചു.

Top