രാജ്ഭവനില്‍ അതിഥിസത്കാരത്തിന് ചിലവഴിച്ചത് ഒന്‍പതുലക്ഷത്തോളം രൂപ

കേരള രാജ്ഭവനില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ അതിഥിസത്കാരത്തിന് ചിലവഴിച്ചത് ഒന്‍പതുലക്ഷത്തോളം രൂപ. അതിഥി സത്കാരച്ചെലവില്‍ ഓരോ വര്‍ഷവും അരലക്ഷം മുതല്‍ ഒരുലക്ഷം രൂപയുടെ വരെ വര്‍ധനയുമുണ്ട്. കോവിഡ് വ്യാപനം ലോകത്തെയാകത്തന്നെ നിശ്ചലമാക്കിയ 2020-21 സാമ്പത്തികവര്‍ഷത്തില്‍ 2.49 ലക്ഷം രൂപയും അതിഥി സത്കാരത്തിന് ചെലവാക്കി. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 3.71 ലക്ഷം രൂപയും അതിഥി സത്കാരത്തിന് ചെലവഴിച്ചു.

അതിഥിസത്കാരത്തിന് രാജ്ഭവന്‍ പണം ചെലവഴിക്കുന്നത് ഹോസ്പിറ്റാലിറ്റി എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍നിന്നാണ്. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് 8,96,494 രൂപയാണ് സത്കാരത്തിനു വേണ്ടി രാജ്ഭവന്‍ ചിലവഴിച്ചത്.ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ ആയതിനു ശേഷം അതിഥി സത്കാരച്ചെലവില്‍ ഓരോ വര്‍ഷവും ഗണ്യമായ വര്‍ധനയുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1,98,891 രൂപയായിരുന്നു സത്കാരച്ചെലവ്. 2020-21 വര്‍ഷം അത് 2,49,956 രൂപയായി. അരലക്ഷത്തോളം വര്‍ധനയാണുണ്ടായത്. 2021-22 ല്‍ 3,71,273 രൂപയാണ് അതിഥിസത്കാരത്തിന് ചെലവാക്കിയത്. നിലവിലെ സാമ്പത്തികവര്‍ഷം തീരാന്‍ നാലുമാസം കൂടി ബാക്കി നില്‍ക്കേ നവംബര്‍ ഒന്നു വരെയുള്ള കണക്കു പ്രകാരം 76,374 രൂപ ഈ ഇനത്തില്‍ ചിലവഴിച്ചിരിക്കുന്നത്.

Top