പാകിസ്താനിലെ അടുത്ത ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി മുതിര്‍ന്ന നയതന്ത്രജ്ഞ ജെയ്ന്‍ മാരിയറ്റിനെ പ്രഖ്യാപിച്ച് യുകെ. ഇതോടെ ഇസ്ലാമാബാദിലെ ആദ്യ ബ്രിട്ടീഷ് വനിതാ പ്രതിനിധിയായി ജെയ്ന്‍ മാറി. 2019 ഡിസംബര്‍ മുതല്‍ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ച ശേഷം ജനുവരിയില്‍ പാകിസ്താന്‍ വിട്ട ഡോ ക്രിസ്റ്റ്യന്‍ ടര്‍ണറിന് പകരമാണ് മാരിയറ്റ് എത്തുന്നത്.
ജെയിന്‍ ജൂലൈ പകുതിയോടെ ചുമതലയേല്‍ക്കുമെന്ന് ഇസ്ലാമാബാദിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. 47 കാരിയായ മാരിയറ്റ് 2019 സെപ്റ്റംബര്‍ മുതല്‍ കെനിയയിലെ ഹൈക്കമ്മീഷണറായിരുന്നു. ഇറാഖിലും അഫ്ഗാനിസ്താനിലും രണ്ട് നയതന്ത്ര നിയമനങ്ങളും പൂര്‍ത്തിയാക്കിയതായി ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിയമന പ്രഖ്യാപനത്തിന് പിന്നാലെ താന്‍ ആവേശഭരിതയാണെന്ന് മാരിയറ്റ് പറഞ്ഞു. ”സാംസ്‌കാരിക സമ്പന്നവും അഗാധമായ വൈവിധ്യവുമുള്ള ഈ രാജ്യത്തെ കൂടുതല്‍ നന്നായി അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാകിസ്താനുമായുള്ള യുണൈറ്റഡ് കിംഗ്ഡത്തിന്റെ ബന്ധം ചരിത്രത്തില്‍ വേരൂന്നിയതാണ്. ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഞാന്‍ ലക്ഷ്യമിടുന്നത്” – മാരിയറ്റ് പറഞ്ഞു.