മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ലഭിച്ച പരാതികളില്‍ 95 ശതമാനവും തീര്‍പ്പാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ലഭിച്ച 4,04,912 പരാതികളില്‍ 3,87,658 എണ്ണം തീര്‍പ്പാക്കി. പരാതികളില്‍ 95 ശതമാനവും തീര്‍പ്പാക്കാനായിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമാന്തരമായി പ്രവര്‍ത്തിച്ചിരുന്ന സംവിധാനങ്ങളെ സംയോജിപ്പിച്ച് ഐ.ടി. അധിഷ്ഠിതമായ പൊതുജന പരാതി പരിഹാര സെല്ലിന് രൂപം നല്‍കിയത്. നേരത്തെ പൊതുഭരണ വകുപ്പ്, പിആര്‍ഡി എന്നിവയുടെ നിയന്ത്രണത്തിലുളള സുതാര്യ കേരളം, മുഖ്യമന്ത്രിയുടെ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്റര്‍, മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍, ജില്ലാതലങ്ങളിലെ സുതാര്യ കേരളം സെല്ലുകള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളെയാണ് ഏകോപിപ്പിച്ചത്.

2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് മുഖ്യമന്ത്രിയ്ക്ക് ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ സമാന്തരമായ നിരവധി സംവിധാനങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. അവയെ സംയോജിപ്പിച്ച് ഐടി അധിഷ്ഠിതമായ പൊതുജന പരാതി പരിഹാര സെല്ലിന് രൂപം നല്‍കിയതിലൂടെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കാനും പരാതികളില്‍ കാര്യക്ഷമായി ഇടപെടാനും കഴിയുന്നുണ്ട്.

പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച് 36 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നുണ്ട്. ഇത് ഉറപ്പ് വരുത്താന്‍ പരാതി ലഭിച്ചാലുടന്‍ ബാര്‍ കോഡ് സ്റ്റിക്കര്‍ പതിപ്പിച്ച് രജിസ്റ്റര്‍ ചെയ്യും. അത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ ആരുടെ കൈവശം ഇരിക്കുന്നുവെന്ന് വേഗത്തില്‍ കണ്ടെത്താനാകും. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ നിലവാരം ഉറപ്പുവരുത്താനും സംവിധാനമുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശാനുസരണമാണോ പരാതികള്‍ തീര്‍പ്പാക്കുന്നത് എന്ന് പരിശോധിക്കും. അല്ലാത്തവ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ റീഓപ്പണ്‍ ചെയ്ത് ശരിയായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും.

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി സ്‌ട്രെയിറ്റ് ഫോര്‍വേഡ് സംവിധാനവും ആരംഭിച്ചിരുന്നു. പരാതികള്‍ക്ക് ലഭിക്കുന്ന മറുപടിയെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1076 ല്‍ അറിയിച്ചാല്‍ സത്വരനടപടി സ്വീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികളില്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നിര്‍ദ്ദേശാനുസരണമുള്ള നടപടി ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യാറുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Top