രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തില്‍

ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനം കുറയാന്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ 70 ശതമാനത്തോളം ആക്ടീവ് കേസുകളും കേരളത്തിലാണ്. മൂന്നുദിവസം മുന്‍പ് 15 ശതമാനമായിരുന്നു ടിപിആര്‍. ഇപ്പോള്‍ അത് 19 ആയി. കേസുകള്‍ കൂടി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ലോക്ഡൗണ്‍ ആണ് ഉചിതമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡല്‍ഹിക്ക് സമാനമായി വ്യാപനം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ വഴി സാധിക്കും. കേരളത്തില്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ രണ്ടാഴ്ച കൊണ്ട് സ്ഥിതിഗതികള്‍ മെച്ചപ്പെടും. കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്ത് മെച്ചപ്പെട്ട പദ്ധതി ആസൂത്രണം ചെയ്യണം. ലോക്ക്ഡൗണ്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഉത്സവ സീസണ്‍ കണക്കിലെടുത്ത് നൈറ്റ് കര്‍ഫ്യൂ പോലുള്ള മാര്‍ഗങ്ങള്‍ ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

വാക്‌സിനേഷന്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ കൊവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവരുടെ എണ്ണം 60 ശതമാനം കടക്കും. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതും സിറോ സര്‍വേയില്‍ പ്രതിഫലിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ആരോഗ്യ സംവിധാനങ്ങളുടെ മുകളിലേക്ക് കേസുകള്‍ പോകുമെന്ന് കണ്ടെത്തിയാല്‍, ചുരുങ്ങിയ കാലത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം, ഹെല്‍ത്ത് എക്കണോമിസ്റ്റിലെ പ്രൊഫ.റിജോ ജോണ്‍ അഭിപ്രായപ്പെട്ടു.

Top