സംസ്ഥാനത്ത് ഓഗസ്റ്റില്‍ വിറ്റത് 60 ബസ്സുകള്‍

കോവിഡ് വ്യാപനം നേരിട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓഗസ്റ്റില്‍ മാത്രം 60 ബസുകള്‍ വിറ്റതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.പി. സത്യന്‍. നഗരപരിധിയില്‍ ഒരു വര്‍ഷം കൂടി സര്‍വീസ് നടത്താന്‍ കാലാവധിയുള്ള ബസ് ഒന്നേകാല്‍ ലക്ഷത്തിനു വിറ്റതായി കേരള പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷന്‍ പ്രസിഡന്റ് എം.കെ. ബാബുരാജും പറഞ്ഞു.

വിറ്റ ബസുകളില്‍ മിക്കവയ്ക്കും അഞ്ചു ലക്ഷത്തില്‍ താഴെയാണ് കിട്ടിയത്. ബസുകള്‍ മാത്രം വിറ്റ് പെര്‍മിറ്റ് ഉടമകള്‍ മരവിപ്പിച്ച് നിര്‍ത്തുകയാണ്. ബസുകള്‍ സാധാരണ നിലയില്‍ ഓടാന്‍ തുടങ്ങിയാല്‍ പെര്‍മിറ്റിന് നല്ല തുക കിട്ടുമെന്ന വിശ്വാസത്തിലാണിത്. കോഴിക്കോട്-തൃശ്ശൂര്‍ റൂട്ടില്‍ പെര്‍മിറ്റിന് 40 ലക്ഷത്തോളം ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

യാത്രക്കാര്‍ കുറവായതിനാല്‍ ആറു മാസത്തോളമായി മിക്ക ബസുകളും നിരത്തിലിറങ്ങുന്നില്ല. ഇന്ധനം, ടയര്‍, സ്പെയര്‍പാട്സ് തുടങ്ങിയവ വാങ്ങിയ ഇനത്തില്‍ വന്‍തുക ഉടമകള്‍ക്ക് ബാധ്യതയുണ്ട്. സാധാരണമായി രണ്ടു മാസത്തെ കാലാവധിയാണ് ഇതിനു കിട്ടിയിരുന്നത്. തുക കിട്ടാന്‍ വ്യാപാരികള്‍ പിടിമുറുക്കിയതോടെ മറ്റു വഴികളില്ലാതെ ഉടമകള്‍ ബസ് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Top