കേന്ദ്രമന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് പഠന റിപ്പോര്‍ട്ട്. കൂടാതെ, മന്ത്രിസഭയിലെ തൊണ്ണൂറ് ശതമാനം പേരും കോടീശ്വരന്മാരാണ്. പതിനാല് ശതമാനമാണ് മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

കേന്ദ്രമന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാര്‍ക്കെതിരെയും ക്രിമിനില്‍ കേസുകളുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ നാല് കേസുകള്‍ കൊലപാതക ശ്രമത്തിനാണ് ചാര്‍ജ് ചെയ്തിട്ടുള്ളത്. കേന്ദ്രമന്ത്രിസഭയിലെ 78 അംഗങ്ങളില്‍ 33 മന്ത്രിമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകളുള്ളത്. ഇതില്‍ 21 പേര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷത്തിന് മുകളില്‍ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങള്‍ ചുമത്തിയ 24 പേര്‍ മന്ത്രിസഭയിലുണ്ട്.

ഒരു മന്ത്രിക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ടും കേസുണ്ട്. കൊലപാതകശ്രമത്തില്‍ പ്രതികളായ നാല് മന്ത്രിമാരുണ്ട്. കുച്ച് ബിഹാറില്‍ നിന്നുള്ള സഹമന്ത്രി നിഷിക് പ്രമാണിക് കൊലപാതക കേസിലാണ് പ്രതിയായിട്ടുള്ളത്. ജോണ്‍ ബിര്‍ഷ, പ്രമാണിക്, പങ്കരാജ് ചൗധരി, വി.മുരളീധരന്‍ എന്നിവര്‍ക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

50 കോടിക്ക് മുകളില്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ നാല് പേര്‍ക്കുള്ളപ്പോള്‍, ഒരു കോടിക്ക് താഴെ സ്വത്തുള്ള എട്ട് മന്ത്രിമാരുണ്ട്. മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

Top