ആഗസ്റ്റ് അഞ്ച് മുതല്‍ കശ്​മീരില്‍ 4000ഓളം പേര്‍ അറസ്​റ്റിലായെന്ന്​ റിപ്പോര്‍ട്ട്​

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് ഇത്രയും ദിവസം കടന്നുപോയ്ക്കൊണ്ടിരുന്നത്. ആഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ നാലായിരത്തോളം പേര്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്. എത്രപേര്‍ അറസ്റ്റിലായെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പൊതുസുരക്ഷ നിയമപ്രകാരം പിടികൂടുന്നവരെ വിചാരണ കൂടാതെ രണ്ടു വര്‍ഷംവരെ തടവിലിടാന്‍ അനുമതി നല്‍കുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്താണത്രെ വ്യാപക അറസ്റ്റ്.

വാര്‍ത്തവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണമുള്ളതിനാല്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് അറസ്റ്റിലായവരുടെ കണക്കെടുത്തത്. നൂറിലധികം പ്രാദേശിക രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും അക്കാദമിഷന്‍സും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

എത്ര പേരെ കസ്റ്റഡിയിലെടുത്തു എന്നതിന് കേന്ദ്രീകൃത കണക്കില്ലെന്ന് സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ പറഞ്ഞപ്പോള്‍ ശ്രീനഗറില്‍ മാത്രം ദേഹ പരിശോധനക്കിടെ ആറായിരത്തോളം പേരെ കസ്റ്റഡിയിലെടുത്തതായി പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ആദ്യം ഇവരെ ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലേക്കും പിന്നീട് മിലിട്ടറി വിമാനത്തില്‍ അജ്ഞാത കേന്ദ്രത്തിലേക്കും കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top