സവിതയ്ക്ക് നീതി ലഭിച്ചു; ഗര്‍ഭച്ഛിദ്രത്തിന് അനുകൂല വിധിയെഴുതി അയര്‍ലന്‍ഡ്

yes

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തിന് ഹിതപരിശോധനയില്‍ അനുകൂല വിധി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ രണ്ട് എക്‌സിറ്റ് പോളുകളും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ വന്‍ വിജയം നേടുമെന്നാണ് കരുതിയത്. ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യും. ഒരു യുഗത്തിന്റെ അഭിപ്രായ പ്രകടനം എന്നാണ് വോട്ടെടുപ്പിനെ ഐറിഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരദാകര്‍ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ക്കൊപ്പമായിരുന്നു. എക്‌സിറ്റ് പോളുകളിലൊന്ന് 68 ശതമാനം വിജയമാണ് ‘യെസ്’ അനുകൂലികള്‍ക്കു പ്രവചിച്ചത്. രണ്ടാമത്തെ എക്‌സിറ്റ് പോളില്‍ 69 ശതമാനവും. ഗര്‍ഭച്ഛിദ്രം നിയമപരമായി നിരോധിച്ചിട്ടുള്ള അയര്‍ലന്‍ഡില്‍ 2013ല്‍ മാത്രമാണ് അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ മാത്രം ഗര്‍ഭച്ഛിദ്രമാകാം എന്ന നിയമഭേഗദതി വന്നത്. 14 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രം.

അയര്‍ലന്‍ഡിലെ വോട്ടെടുപ്പ് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമാക്കുന്നതില്‍ സവിതയുടെ മാതാപിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. ‘സവിതയ്ക്കു നീതി ലഭിച്ചു. എന്റെ മകള്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുത്. ഈ ചരിത്രനിമിഷത്തില്‍ അയര്‍ലന്‍ഡിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’. സവിതയുടെ പിതാവ് അന്ദനപ്പ യാലഗി പറഞ്ഞു.

ഹിതപരിശോധനയില്‍ ഗര്‍ഭച്ഛിദ്രാനുകൂലികളുടെ പ്രചരണായുധം ഇന്ത്യക്കാരിയായ ഡോ.സവിതയുടെ മരണമാണ്. ഗര്‍ഭച്ഛിദ്രം നിഷേധിക്കപ്പെട്ടതു മൂലം ആരോഗ്യസ്ഥിതി വഷളായി 2012ലാണ് കര്‍ണാടക ബെളഗാവി സ്വദേശി ഡോ.സവിത ഹാലപ്പനാവര്‍ അയര്‍ലന്‍ഡില്‍ മരിച്ചത്.

Top