ഗര്‍ഭഛിദ്രം നിരോധിക്കണമെന്ന അന്ത്യാഭിലാഷം നിറവേറ്റുമെന്ന് ഗവര്‍ണര്‍

ടെംപിള്‍ (ടെക്‌സസ്സ്): ബോണ്‍ കാന്‍സറുമായി മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന പതിനാറുകാരന്‍ ജെറമ്യ തോമസിന്റെ അന്ത്യാഭിലാഷം മാനിച്ച് ഗര്‍ഭചിദ്രം അവസാനിപ്പിക്കുമെന്ന് ടെലിഫോണ്‍ സന്ദേശത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഉറപ്പ് നല്‍കി. ഹൈസ്‌ക്കൂള്‍ അത്‌ലറ്റായിരുന്ന തോമസിന്റെ നട്ടെല്ലിലുണ്ടായ രണ്ട് ട്യൂമറുകള്‍ കായികതാരത്തെ ശാരീരികമായി തളര്‍ത്തിയിരുന്നു.

കാലിഫോര്‍ണിയ, മെക്‌സിക്കോ, ടെക്‌സാസ് തുടങ്ങിയ സ്ഥലങ്ങളില്‍ ചികിത്സ നടത്തിയെങ്കിലും രോഗം മൂര്‍ച്ചിക്കുകയായിരുന്നു. 10 ശതമാനം പോലും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനുള്ള സാധ്യതകള്‍ നഷ്ടപ്പെട്ടതോടെ, തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഗര്‍ഭഛിദ്ര നിരോധനം നടപ്പാക്കണമെന്നാവശ്യം ഗവര്‍ണറെ അറിയിക്കുകയായിരുന്നു. മരണശേഷം എന്റെ ജീവിതം കൊണ്ട് ഇത്രയെങ്കിലും നേടാനായെന്ന് മറ്റുള്ളവര്‍ ഓര്‍മ്മിക്കുന്നതിനാണ് ഈ ആവശ്യം തോമസ് ഉന്നയിച്ചത്.

ഞായറാഴ്ച്ചയാണ് ഗവര്‍ണറില്‍ നിന്നുള്ള ഫോണ്‍ കോള്‍ ലഭിച്ചത്. തോമസിന്റെ ആഗ്രഹപ്രകാരം ഗര്‍ഭചിദ്രം ഇല്ലായ്മചെയ്യുന്ന ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നൂം ഗവര്‍ണര്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ വിഷയത്തില്‍ അനുകൂല തീരുമാനം നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കെതിരെ കുടുംബാംഗങ്ങളോടൊപ്പം തോമസും പ്രവര്‍ത്തിച്ചിരുന്നു.
1973 മുതല്‍ 60 മില്ല്യണ്‍ കുഞ്ഞുങ്ങളാണ് ജനിക്കാതെ മരിച്ചത്,ജനസംഖ്യയുടെ മുന്നില്‍ നിന്നും ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ടു. ഗവര്‍ണര്‍ ഗ്രേഗിന്റെ തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ പ്രാര്‍ത്ഥിക്കുമെന്ന് തോമസ് പറഞ്ഞു.

Top