27 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാം; അതിജീവിതയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

ദില്ലി: ഗുജറാത്തില്‍ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. 27 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. ഇന്നോ നാളെ രാവിലെ ഒന്‍പത് മണിക്കുള്ളിലോ ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. കുട്ടിയെ ജീവനോടെ പുറത്തെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കി കുഞ്ഞിനെ ദത്തു നല്‍കുന്നതു വരെയുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗുജറാത്ത് സര്‍ക്കാരിനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ഇന്ന് ആദ്യ കേസായാണ് സുപ്രീം കോടതി ഇതു പരിഗണിച്ചത്.

ഇന്ത്യയില്‍ ഗര്‍ഭധാരണമെന്നത് വിവാഹിതരായ ദമ്പതികള്‍ക്കും സമൂഹത്തിനും സന്തോഷത്തിന്റെ ഉറവിടമാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം വിവാഹിതയല്ലാത്ത സ്ത്രീക്ക് കുഞ്ഞു വേണ്ട എന്ന ഘട്ടത്തിലാണ് ഗര്‍ഭധാരണമെങ്കില്‍, അത് സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതു ചൂണ്ടിക്കാട്ടിയാണ് ഗര്‍ഭഛിദ്രത്തിന് സുപ്രീം കോടതി അനുമതി നല്‍കിയത്.

Top