നോട്ടു ബുക്കിലെ പരാതി ഫലം കണ്ടു! ആബിന് സൈക്കിള്‍ തിരികെ കിട്ടി

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയ കീഴടക്കിയ വാര്‍ത്തയായിരുന്നു എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി പൊലീസിന് എഴുതിയ പരാതി. നോട്ടുബുക്കിന്റെ പേജ് കീറിയെടുത്താണ് ആബിന്‍ എന്ന വിദ്യാര്‍ത്ഥി പരാതി എഴുതിയത്. പരാതിയിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു ‘മൂന്നുമാസമായി നന്നാക്കാന്‍ കൊടുത്ത സൈക്കിള്‍ മെക്കാനിക് ഇനിയും തിരിച്ച് തന്നിട്ടില്ല, സൈക്കിള്‍ വാങ്ങിത്തരണം സാര്‍’. എന്നാല്‍ ആബിന്റെ പരാതി വെറുതെയായില്ല. ബാലകൃഷ്ണന്‍ സൈക്കിള്‍ തിരികെ നല്‍കി.

കോഴിക്കോട് എളമ്പിലാട് യു.പി സ്‌കൂളിലെ നാലാം ക്ലാസുകാരനാണ് ഇത്തരത്തില്‍ പരാതി തയ്യാറാക്കിയത്. എന്നാല്‍ കുട്ടികളല്ലെ എന്ന് കരുതി പൊലീസ് സംഗതി തള്ളിക്കളഞ്ഞില്ല. ഉടന്‍ തന്നെ നടപടി സ്വീകരിച്ചു. മെക്കാനിക്കിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി കാര്യങ്ങള്‍ തിരക്കി. എന്നാല്‍ തന്റെ മകന്റെ വിവാഹത്തിന്റെ തിരക്കുകളായിരുന്നതിനാല്‍ സൈക്കില്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നും ഉടന്‍ തന്നെ തിരികെ നല്‍കിക്കോളാം എന്നും അയാള്‍ ഉറപ്പു നല്‍കുകയും ചെയ്തു. മൂന്നു ദിവത്തിനുള്ളില്‍ സൈക്കിള്‍ നല്‍കണം എന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത് എങ്കിലും അതിന് മുമ്പ് തന്നെ അയാള്‍ വാക്ക് പാലിച്ചു.

തന്റെയും അനിയന്റെയും കേടായ സൈക്കിളുകള്‍ കഴിഞ്ഞ സെപ്റ്റബര്‍ അഞ്ചിനാണ് കുട്ടി ബാലകൃഷ്ണനെ ഏല്‍പ്പിച്ചത്. കൂലിയായി 200 രൂപയും നല്‍കി. ഒരാഴ്ചയ്ക്കം നന്നാക്കി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും മാസം രണ്ട് കഴിഞ്ഞിട്ടും സൈക്കിള്‍ തിരികെ കിട്ടിയില്ല. തുടര്‍ന്ന് ഗള്‍ഫിലുളള പിതാവിനോട് കാര്യം പറഞ്ഞു, വീട്ടില്‍ അമ്മയോടും പിതാവിന്റെ സഹോദരനോടും പ്രശ്‌നം അവതരിപ്പിച്ചു. ആരും സഹായിക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് ആബിര്‍ പൊലീസിനെ സമീപിച്ചത്.

എന്നാല്‍ സംഭവം ഹിറ്റായതോടെ വടകര ഡിവൈഎസ്പി അടക്കമുളള പൊലീസ് ഉദ്യോഗസ്ഥര്‍ ആബിറിനെ ആദരിക്കാനായി സ്‌കൂളിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്. മാത്രമല്ല സോഷ്യല്‍മീഡിയയില്‍ അടക്കം ഈ കൊച്ചുമിടുക്കനെ അഭിനന്ദിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Top