അഭിമന്യുവിന്റെ കൊലയാളികളെ ഈ വര്‍ഷം അല്ലങ്കില്‍ അടുത്ത വര്‍ഷമെങ്കിലും പിടിക്കുമെന്ന്…

തിരുവന്തപുരം : എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ രക്തസാക്ഷിത്വദിനം എസ്എഫ്‌ഐയും സിപിഐഎമ്മും ആഘോഷിക്കുന്നതിനിടെ പരിഹാസവുമായി അഡ്വ.ജയശങ്കര്‍. അഭിമന്യു മരിച്ചിട്ട് വര്‍ഷം ഒന്ന് കഴി്ഞ്ഞിട്ടിട്ടും കൊലയാളികളെ കണ്ടുപിടിക്കാന്‍ കഴിയാത്ത പൊലീസിനെയും സര്‍ക്കാരിനെയും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുകയാണ് ജയങ്കര്‍ .

”അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കുത്തിയറക്കിയ പഹയനെ പിടിച്ചിട്ടില്ല. അര്‍ജുനെ കുത്തിയവനും മുങ്ങി. രണ്ടുപേര്‍ക്കുമെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ, ഈ വര്‍ഷമല്ലെങ്കില്‍ അടുത്ത വര്‍ഷം, അതുമല്ലെങ്കില്‍ അതിനടുത്ത വര്‍ഷം അവരെയും പിടികൂടും. ഇനി ബൂര്‍ഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കും” – ജയങ്കര്‍ കുറിച്ചു.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായ അഭിമന്യു കോളേജിന് പിന്‍ഭാഗത്തെ റോഡിന് സമീപം കുത്തേറ്റ് വീണത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്‌ഐയുടെ ചുവരെഴുത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മായ്ച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയിലായിരുന്നു കൊലപാതകം. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്യാമ്പസില്‍ ഒരു വിദ്യാര്‍ഥി രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് വലിയ കോളിളക്കം ഉണ്ടാക്കി. 16 പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹല്‍, സുഹൃത്ത് അര്‍ജുനിനെ കുത്തി പരുക്കേല്‍പ്പിച്ച ഷഹീം എന്നീ പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സഖാവ് അഭിമന്യുവിൻ്റെ രക്തസാക്ഷിത്വ വാർഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്; എസ്എഫ്ഐയും മാർക്സിസ്റ്റ് പാർട്ടിയും ചെയ്യാവുന്നതൊക്കെ ചെയ്തു എന്ന കൃതാർത്ഥതയോടെ.

അഭിമന്യുവിൻ്റെ കുടുംബസഹായ ഫണ്ടിൽ 3കോടി 10ലക്ഷം രൂപ പിരിഞ്ഞു. അതിന്റെ ചെറിയൊരു ഭാഗം കൊണ്ട് വട്ടവടയിൽ 10സെന്റ് സ്ഥലം വാങ്ങി വീടു പണിയിച്ചു കൊടുത്തു, സഹോദരിയുടെ കല്യാണം നടത്തി, സഹോദരന് ജോലി കൊടുത്തു, മാതാപിതാക്കൾക്കളുടെ പേരിൽ 25 ലക്ഷം നിക്ഷേപിച്ചു. ബാക്കി വരുന്ന രണ്ടരക്കോടി ഉപയോഗിച്ച് ഗംഭീര സ്മാരകം പണിയാൻ പോകുന്നു.

നമ്മുടെ പോലീസ് ശുഷ്‌കാന്തിയോടെ കേസ് അന്വേഷണം പൂർത്തീകരിച്ചു. 16 പ്രതികൾക്കെതിരെ കുറ്റപത്രം കൊടുത്തു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. വിചാരണ ഉടൻ ആരംഭിക്കും.

അഭിമന്യുവിൻ്റെ നെഞ്ചിൽ കഠാര കുത്തിയറക്കിയ പഹയനെ പിടിച്ചിട്ടില്ല. അർജുനെ കുത്തിയവനും മുങ്ങി. രണ്ടുപേർക്കുമെതിരെ പോലീസ്‌ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ, ഈ വർഷമല്ലെങ്കിൽ അടുത്ത വർഷം, അതുമല്ലെങ്കിൽ അതിനടുത്ത വർഷം അവരെയും പിടികൂടും. ഇനി ബൂർഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കും.

വർഗീയതയെ നമ്മൾ മേലാലും ചെറുക്കും, എതിർത്തു തോല്പിക്കും. കഴിവതും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരു പറയാതെ വിമർശിക്കാൻ എല്ലാ സഖാക്കളും പ്രത്യേകം ശ്രദ്ധിക്കും.

രക്തസാക്ഷി മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ

Top