അഭിഷേക് ബാനര്‍ജിയെ ഇഡി ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകനും ലോക്‌സഭാംഗവുമായ അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. തിങ്കളാഴ്ച നടന്ന ചോദ്യം ചെയ്യല്‍ ഒന്‍പത് മണിക്കൂറിലധികം നീണ്ടു.

ഡല്‍ഹിയിലെ ജാം നഗര്‍ ഹൗസില്‍ സ്ഥിതിചെയ്യുന്ന ഇ.ഡിയുടെ ഓഫീസില്‍ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരായ അഭിഷേക് ബാനര്‍ജിയെ രാത്രി എട്ടു മണിക്കാണ് വിട്ടയച്ചത്.

‘ഏത് അന്വേഷണവും നേരിടാന്‍ ഞാന്‍ തയ്യാറാണ്. ഏജന്‍സി ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്, ഞാന്‍ അവരുമായി പൂര്‍ണമായും സഹകരിക്കും,’ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍പ് അഭിഷേക് ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള ലോക്സഭാംഗമാണ് അഭിഷേക് ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയതായി ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസിലെ മറ്റ് പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന രണ്ട് കമ്പനികളുടെ നിയമവിരുദ്ധ ഇടപാടുകളെപ്പറ്റിയും ചോദിച്ചറിഞ്ഞെന്നും അവര്‍ പറഞ്ഞു.

 

Top