രാജ്യത്തെ സൈനിക ബഹുമതികൾ രാഷ്ട്രപതി സമ്മാനിച്ചു; വീരചക്ര അഭിനന്ദൻ വർദ്ധമാന്

രാജ്യത്തെ സൈനിക ബഹുമതികൾ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. യുദ്ധമുഖത്തെ മൂന്നാമത്തെ ബഹുമതിയായ വീരചക്ര ബഹുമതി അഭിനന്ദൻ വർദ്ധമാൻ ഏറ്റുവാങ്ങി. സൈപ്പർ പ്രകാശ് ജാദവിന് മരണാനന്തര ബഹുമതിയായി കീർത്തിചക്ര നൽകി ആദരിച്ചു.

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ 2019 ലെ സൈനിക ബഹുമതികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. ബലാക്കോട്ട് വ്യോമാക്രണത്തിന് പിന്നാലെ 2019 ഫെബ്രുവരി 27ന് പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനം വെടിവെച്ചിട്ട അഭിനന്ദൻ വർദ്ധമാനെ വീര ചക്രം നൽകി ആദരിച്ചു. യുദ്ധസാഹചര്യത്തിൽ ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് വീര ചക്ര സമ്മാനിക്കുന്നത്. 20 വർഷത്തിന് ശേഷമാണ് ഒരു സൈനികന് വീര ചക്ര ലഭിച്ചത്. യുദ്ധവിമാനം വെടിവെച്ചിട്ട അഭിനന്ദൻ പാകിസ്താന്റെ പിടിയിലായിരുന്നു. പിന്നിട് ഇന്ത്യകൈകൊണ്ട നിലപാടിനെ തുടർന്ന് ഇന്ത്യയ്ക്ക് കൈമാറുകയുമായിരുന്നു.

കാശ്മീരിൽ അഞ്ച് ഭീകരരെ വധിച്ച ഓപ്പറേഷന് നേതൃത്വം നൽകിയ മേജർ വിഭൂതി ശങ്കർ ഡോണ്ടിയാലിന് മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ലഫ്റ്റനന്റ് നിതിക കൗളും അമ്മ സരോജ് ഡോണ്ടിയാലും ചേർന്ന് ബഹുമതി ഏറ്റ് വാങ്ങി.
നയിബ് സുബേദാർ സോബിറിനുള്ള മരണാനന്തര ബഹുമതിയായ ശൗര്യചക്ര ഭാര്യ സുമൻദേവി സ്വീകരിച്ചു.

Top