വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ നിര്‍മല സീതാരാമന്‍ സന്ദശിച്ചു

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ നിന്നു തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദശിച്ചു. അഭിനന്ദനെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കുന്ന ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിയാണ് മന്ത്രി സന്ദര്‍ശിച്ചത്. പാക്ക് കസ്റ്റഡിയിലിരിക്കുമ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ അഭിനന്ദന്‍ മന്ത്രിയോട് വ്യക്തമാക്കി.

പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ടാണ് വാഗാ അതിര്‍ത്തിയില്‍ വെച്ച് അഭിനന്ദനെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയത്. മണിക്കൂറുകള്‍ വൈകിച്ചായിരുന്നു അഭിനന്ദനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് വിട്ടു നല്‍കിയത്. വ്യോമസേനയിലെയും പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ വിങ് കമാന്‍ഡറെ സ്വീകരിക്കുന്നതിന് എത്തിയിരുന്നു.

വൈകിട്ട് അഞ്ചോടെ വാഗ അതിര്‍ത്തിയില്‍ എത്തിച്ച അഭിനന്ദനെ 5.25ന് ഇന്ത്യക്ക് കൈമാറി. എന്നാല്‍ നടപടിക്രമങ്ങള്‍ പിന്നെയും മണിക്കൂറുകള്‍ നീണ്ടു. 9.20നാണ് ഒടുവില്‍ ഔദ്യോഗികമായി വൈമാനികനെ ഇന്ത്യക്കു കൈമാറിയത്. വൈദ്യ പരിശോധന ഉള്‍പ്പെടെ മണിക്കൂറുകള്‍ നീണ്ട നടപടിക്രമങ്ങളാണ് അഭിനന്ദന്റെ തിരിച്ചു വരവ് വൈകിച്ചത്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം നടപടികളില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തിയുണ്ട്. വാഗയില്‍ നിന്നും അമൃത്സറിലേക്കാണ് അഭിനന്ദന്‍ വര്‍ധമാനെ ആദ്യം കൊണ്ടുപോയത്. ഇവിടെ അദ്ദേഹത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

Top