അഭിമാനമായി അഭിനന്ദന്‍; രാജ്യത്തിന്റെ സിംഹക്കുട്ടി തിരിച്ചെത്തി. . .

ന്യൂഡല്‍ഹി: വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കു കൈമാറി. ഇതോടെ ഇന്ത്യന്‍ ജനതയുടെ പ്രാര്‍ത്ഥന സഫലമായിരിക്കുകയാണ്.

വാഗ ബോര്‍ഡര്‍ വഴിയാണ് അഭിനന്ദനെ ഇന്ത്യയിലേക്ക് എത്തിച്ചത്. ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍മാരായ രവി കപൂറും ആര്‍ജികെ കപൂറുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി അഭിനന്ദനെ ഏറ്റുവാങ്ങിയത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു കൈമാറ്റ ചടങ്ങ്.

ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാക്കിസ്ഥാന്‍ വിങ് കമാന്റര്‍ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയത്. റെഡ് ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ് നടന്നത്.

പിതാവ് എസ്. വര്‍ധമാനും മാതാവ് ഡോക്ടര്‍ ശോഭയും അഭിനന്ദിനെ സ്വീകരിക്കാനായി വാഗയില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ വീട്ടുകാര്‍ക്ക് വിമാന യാത്രക്കാരില്‍ നിന്ന് ലഭിച്ച കൈയ്യടി രാജ്യത്തിന് അഭിനന്ദിനോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉത്തമോദാഹരണമായിരുന്നു. വിമാനത്തില്‍കയറിയ വീട്ടുകാരെ ആദ്യം യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും യാത്രക്കിടയില്‍ ഈ വിവരം അറിഞ്ഞ യാത്രക്കാര്‍ വിമാനം ഇറങ്ങിയതും തങ്ങളുടെ സ്‌നേഹവും ബഹുമാനവും കൈയ്യടിച്ചു കൊണ്ട് പങ്കുവെച്ചു.ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങവെ അഭിനന്ദന്റെ വീട്ടുകാര്‍ക്ക് ആദ്യം ഇറങ്ങാനുള്ള അവസരം ഒരുക്കി കൊടുത്ത് ഏവരും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ പൈലറ്റിനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പ്രദേശവാസികളും ഒരുക്കിയത്. നിരവധി പേരാണ് മുദ്രാവാക്യങ്ങളുമായി അഭിനന്ദനെ സ്വീകരിക്കാനായി എത്തിയത്. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ വീരപുത്രനാണ് അഭിനന്ദനെന്നും അഭിനന്ദനെ അഭിമാനപൂര്‍വ്വം സ്വീകരിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. പാക്ക് പട്ടാളത്തിന്റെ മുമ്പില്‍ പതറാതെ തലയുയര്‍ത്തി നിന്ന വിംഗ് കമാന്‍ഡറോട് വലിയ ബഹുമാനവും സ്‌നേഹവുമാണ് ജനം പ്രകടിപ്പിക്കുന്നത്.

മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം വ്യാഴാഴ്ച വൈകിട്ട് എത്തുന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം ഇമ്രാന്‍ ഖാന്‍ നടത്തിയത്.

ജനീവ കണ്‍വെന്‍ഷന്‍ മാനിച്ച് വൈമാനികനെ സുരക്ഷിതമായി വിട്ടയച്ചാലല്ലാതെ ഒരു ചര്‍ച്ചക്കും ഇടമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. 26ന് വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പോര്‍വിമാനങ്ങളെ ചെറുക്കുന്നതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമാവുകയും അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലാവുകയും ചെയ്തത്.

Top