‘അഭിനന്ദന്‍ വീര പുത്രന്‍’ ; പ്രശംസയുമായി സച്ചിന്‍ മുതല്‍ കോഹ്ലി വരെ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ കായികലോകം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, സാനിയ മിര്‍സ, വി.വി.എസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, സൈന നെഹ്വാള്‍, അനില്‍ കുംബ്ല, വിരേന്ദ്ര സെവാഗ് തുടങ്ങി നിരവധി പ്രമുഖരാണ് അഭിനന്ദനെ സ്വാഗതം ചെയ്തത്.

ഒരു ഹീറോ എന്ന് പറയുന്നത് കേവലം നാല് അക്ഷരങ്ങള്‍ മാത്രമല്ല. തന്റെ ധൈര്യം, നിസ്വാര്‍ത്ഥത, സ്ഥിര പരിശ്രമം എന്നിവയിലൂടെ നമ്മുടെ ഹീറോ നമ്മളില്‍ സ്വയം വിശ്വിസിക്കാനാണ് പഠിപ്പിക്കുന്നത്- സച്ചിന്‍ ട്വീറ്റ് ചെയ്തു.

‘അഭിനന്ദന് ഇന്ത്യയിലേക്ക് വീണ്ടും സ്വാഗതം. എല്ലാ അര്‍ത്ഥത്തിലും താങ്കള്‍ ഞങ്ങളുടെ ഹീറോയാണ്. നിങ്ങളേയും നിങ്ങളുടെ ധൈര്യത്തെയും വ്യക്തി പ്രഭാവത്തെയും രാജ്യം സല്യൂട്ട് ചെയ്യുന്നു’വെന്ന് സാനിയ കുറിച്ചു.

വാഗാ അതിര്‍ത്തിയില്‍ വച്ച് രാത്രി 9.20ഓടെയാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. വാഗ അതിര്‍ത്തിയില്‍ അഭിനന്ദിനെ കാണുവാനായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. റെഡ് ക്രോസിന്റെ മെഡിക്കല്‍ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങള്‍ക്കും പ്രോട്ടോകോളുകള്‍ക്കും പിന്നാലെയാണ് സൈനികനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. പാകിസ്ഥാനി റേഞ്ചേഴ്‌സാണ് അഭിനന്ദനെ ബി.എസ്.എഫിന് കൈമാറിയത്. മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിച്ചു.

അത്താരിയില്‍ നിന്നും അമൃത്സറിലേക്ക് കൊണ്ടു പോകുന്ന അഭിനന്ദിനെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇന്റലിജന്‍സ് യൂണിറ്റിലേക്കാണ് കൊണ്ടുപോകുക.

Top