അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയ്ക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് യുഎന്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയ്ക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് യുണൈറ്റഡ് നേഷന്‍സ്. യുഎന്‍ സെക്രട്ടറി ജനറല്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രധാനമന്ത്രിമാരോട് സംസാരിച്ചോ എന്ന ചോദ്യത്തിന് രണ്ട് രാജ്യങ്ങളുമായി പല തലങ്ങളില്‍ ബന്ധപ്പെട്ടെന്നും യുഎന്‍ വ്യക്തമാക്കി.

യുഎന്‍ ചീഫ് ആന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്കാണ് യുഎന്‍ പ്രതികരണം അറിയിച്ചത്.

പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും എത്രയും വേഗം പരസ്പരധാരണകളോടെ നീക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിടിയിലായ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കുമെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഭയന്നിട്ടല്ല, സമാധാന ശ്രമത്തിന്റെ ഭാഗമായാണു പൈലറ്റിനെ മോചിപ്പിക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞു.

പൈലറ്റിനെ ഉടന്‍ വിട്ടുകിട്ടണമെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു. ധാരണകള്‍ക്കൊന്നും ഇല്ലെന്നും പൈലറ്റിനെ വച്ചു വില പേശാമെന്നു പാക്കിസ്ഥാന്‍ കരുതുന്നുണ്ടെങ്കില്‍ നടക്കില്ലെന്നും അറിയിച്ചിരുന്നു.

Top