‘അഭിനന്ദനം’: വീണ്ടും മിഗ് 21 പറത്തി അഭിനന്ദന്‍

ന്യൂഡല്‍ഹി: വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വീണ്ടും മിഗ് 21 പോര്‍വിമാനം പറത്തി . പഠാന്‍കോട്ട് എയര്‍ബേസില്‍ വെച്ചാണ് എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയ്ക്കൊപ്പം മിഗ് 21 യുദ്ധവിമാനം പറത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന്‍ അനുമതി നല്‍കിയത്.

ഫെബ്രുവരിയില്‍ പാക്കിസ്ഥാനുമായുണ്ടായ വ്യോമസംഘര്‍ഷത്തിനിടെ പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം തകര്‍ത്ത അഭിനന്ദന്‍ വര്‍ദ്ധമാനിന് രാജ്യം വീര്‍ ചക്ര നല്‍കി ആദരിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തെ പാക് അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ പാക് വ്യോമസേന ജമ്മു കാശ്മീരിലെ ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ ആക്രമിക്കാനെത്തിയെങ്കിലും ഇക്കാര്യം മനസിലാക്കി ഇന്ത്യന്‍ വ്യോമസേന ശക്തമായ രീതിയില്‍ തിരിച്ചടിച്ചിരുന്നു.

ഈ ഏറ്റുമുട്ടലിനിടെയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മിഗ് 21 ബൈസണ്‍ ജെറ്റ് തകര്‍ന്ന് അഭിനന്ദന്‍ പാക്കിസ്ഥാനില്‍ പാരച്യൂട്ടില്‍ ഇറങ്ങിയത്. പാക് സൈന്യത്തിന്റെ പിടിയില്‍ നിന്ന് രണ്ട് ദിവസത്തിന് ശേഷം മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ അഭിനന്ദന്‍ വര്‍ദ്ധമാന്‍ നാലാഴ്ച്ചത്തെ അവധിക്ക് ശേഷം മാര്‍ച്ച് 27 നാണ് ശ്രീനഗറിലെ തന്റെ സൈനിക വ്യൂഹത്തിനൊപ്പം ചേര്‍ന്നത്. മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് ബെംഗളുരുവിലെ ഐഎഎഫ് എയ്‌റോസ്പേസ് മെഡിസിന്‍ വിഭാഗമാണ് പറക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.

Top