യു.പി.എ ഭരണകൂടത്തിന്റെ നയങ്ങളും ഈ ദുരന്തത്തിന് പ്രധാന കാരണമാണ് !

ലോകം തന്നെ ഇപ്പോള്‍ മുള്‍മുനയിലാണ്. എന്തും സംഭവിക്കാവുന്ന അവസ്ഥ. ധീരദൗത്യത്തിനിടെ ഇന്ത്യയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്ന് പാക്കിസ്ഥാനില്‍ അകപ്പെട്ട പൈലറ്റിനായി എന്ത് നടപടി ഇന്ത്യ സ്വീകരിക്കുമെന്നാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. അതിര്‍ത്തി കടന്ന് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യത്തിലും ജനങ്ങളിലും പ്രതിഷേധം ശക്തമാണ്. ഈ ഒരു സാഹചര്യത്തില്‍ സമാധാനം എന്നതില്‍ ഉപരി അഭിമാനം കാത്ത് സൂക്ഷിക്കാന്‍ ഒരു തിരിച്ചടി, അതാണ് രാജ്യം ആഗ്രഹിക്കുന്നത്. സൈന്യവും അതിനായുള്ള അനുമതിക്കും അവസരത്തിനുമായി കാത്തിരിക്കുകയാണ്.

ഇന്ത്യ ആക്രമിച്ചത് പാക്കിസ്ഥാനിലെ ഭീകര താവളങ്ങളാണ്. എന്നാല്‍ പാക്കിസ്ഥാന്‍ കടന്നാക്രമണം നടത്തിയത് സൈനിക കേന്ദ്രത്തിന് നേരെയാണ്. അവരെ തുരത്താനും ഒരു യുദ്ധവിമാനം വെടിവെച്ചിടാനും ഇന്ത്യക്ക് കഴിഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ഒരു യുദ്ധവിമാനവും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനുമാണ് പാക്കിസ്ഥാനില്‍ അകപ്പെട്ടത്. യുദ്ധവിമാനം തകര്‍ന്ന് കഴിഞ്ഞു. ഇനി അഭിനന്ദനെ മടക്കി കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. കസ്റ്റഡിയില്‍ ഈ ഇന്ത്യന്‍ പൈലറ്റിന് ഏല്‍ക്കേണ്ടി വന്ന മര്‍ദ്ദനം ലോകം കണ്ടതാണ്. ഓരോ ഇന്ത്യക്കാരന്റെയും സിരകളില്‍ അഗ്നി പടര്‍ത്തുന്ന കാഴ്ചയാണത്.

ഈ സാഹചര്യത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടി നാം പരിശോധിക്കേണ്ടതുണ്ട്. അത് ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും പറയേണ്ടത് പറയുക തന്നെ വേണം. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ഇന്ത്യ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. ഒരേ സമയം രണ്ട് ശത്രുക്കളെ നേരിടേണ്ട സാഹചര്യം മുന്നില്‍ കണ്ടാണ് സൈനിക ശക്തി രൂപപ്പെടുത്തേണ്ടത്.ഇപ്പോള്‍ ഇന്ത്യ അത്തരമൊരു നടപടി സ്വീകരിക്കുന്നുണ്ട്. എന്നാല്‍ യു.പി.എ സര്‍ക്കാര്‍ ഭരിച്ച കഴിഞ്ഞ 10 വര്‍ഷത്തെ സ്ഥിതി പരിശോധിച്ചാല്‍ കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല. പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്താന്‍ കാര്യമായ ഒരു നടപടിയും ഇക്കാലഘട്ടങ്ങളില്‍ സ്വീകരിച്ചിരുന്നില്ല. സൈന്യം നിരന്തരം ആവശ്യപ്പെട്ട എത്ര യുദ്ധ സാമഗ്രഹികള്‍ വാങ്ങി എന്നു പരിശോധിച്ചാല്‍ തന്നെ ഇതിന്റെ ഭീകരത മനസ്സിലാകും.

ഒരു ആയുധവും യുദ്ധവിമാനങ്ങളും ഓര്‍ഡര്‍ ചെയ്താല്‍ ഉടനെ കിട്ടുന്നതല്ല, അതിന് വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പ് തന്നെ വേണം. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയും എ കെ.ആന്റണി പ്രതിരോധ മന്ത്രിയും ആയിരുന്ന കാലഘട്ടത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ ഒരു പക്ഷേ അഭിനന്ദന്‍ പാക്കിസ്ഥാനില്‍ അകപ്പെടില്ലായിരുന്നു. എഴുപതുകളില്‍ രൂപപ്പെടുത്തിയ മിഗ് 21 അല്ല ഈ ആധുനിക കാലഘട്ടത്തില്‍ ഉപയോഗിക്കേണ്ടിയിരുന്നത്. കടുത്ത ആക്രമണ ശേഷിയും സുരക്ഷിത കവചവും ഉള്ള യുദ്ധവിമാനങ്ങളായിരുന്നു വേണ്ടിയിരുന്നത്. ഇക്കാര്യം പ്രതിരോധരംഗത്തെ വിദഗ്ദര്‍ തന്നെ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കയില്‍ നിന്നും പാക്കിസ്ഥാന്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും വാങ്ങി കൂട്ടുമ്പോള്‍ പ്രതിരോധരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ മന്‍മോഹന്‍ ഭരണകൂടത്തിന് കഴിയണമായിരുന്നു. ഇപ്പോള്‍ റഫേല്‍ വിമാന ഇടപാടിനെതിരെ വാളോങ്ങുന്ന പ്രതിപക്ഷം ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

പാക്കിസ്ഥാനില്‍ കയറി ബോംബിട്ട് ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ചു വരാന്‍ ഇന്ത്യക്ക് കഴിഞ്ഞത് ഫ്രാന്‍സ് നല്‍കിയ മിറാഷ് വിമാനങ്ങള്‍ ഉപയോഗിച്ചത് കൊണ്ടാണ്. ഇവരുടെ ഏറ്റവും പുതിയ മോഡലാണ് റഫേല്‍. മരണത്തിന്റെ വാഹകനായാണ് ഈ യുദ്ധവിമാനം അറിയപ്പെടുന്നത്. വിമാനവേധ തോക്കുകളെ അതിജാവിക്കുന്ന കരുത്തുണ്ട് റഫേലിന്. ചൈനയും പാക്കിസ്ഥാനും മാത്രമല്ല അമേരിക്ക പോലും ഭയപ്പെടും ഈ യുദ്ധവിമാനത്തെ.അത്രയും ആധുനിക ടെക് നോളജിയില്‍ തീര്‍ത്ത യുദ്ധവിമാനമാണിത്.

സമാധാന രാജ്യം എന്ന നിലയില്‍ ഒന്നും വാങ്ങാതെ, എല്ലാ അതിക്രമങ്ങളും കയ്യും കെട്ടി നോക്കി നിന്നാല്‍ രാജ്യം തന്നെയാണ് ഒടുവില്‍ ഇല്ലാതാകുക. മുംബൈ സ്ഫോടന സമയത്ത് തന്നെ ഉചിതമായ തിരിച്ചടി പാക്കിസ്ഥാന് കൊടുത്തിരുന്നുവെങ്കില്‍ ഈ ഒരു അവസ്ഥ ഇന്ത്യക്ക് നേരിടേണ്ടി വരുമായിരുന്നില്ല. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് പ്രതിരോധ മേഖലക്കായി ഇന്ത്യ ഇപ്പോള്‍ നീക്കിവച്ചിരിക്കുന്നത്. അത് സ്വാഗതാര്‍ഹമായ കാര്യം തന്നെയാണ്. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല, അതുപോലെ എന്ത് അതിക്രമവും കയ്യും കെട്ടി നോക്കി നില്‍ക്കുന്നതും ശരിയല്ല. ഇന്ത്യയുമായി ഒരു താരതമ്യത്തിന് പോലും അര്‍ഹതയില്ലാത്ത രാജ്യമാണ് പാക്കിസ്ഥാന്‍.

യുദ്ധ തടവുകാരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നത് പോലും ആ രാജ്യത്തിന് അറിയില്ല. ബംഗ്ലാദേശ് രൂപീകരണത്തില്‍ കലാശിച്ച യുദ്ധത്തില്‍ പതിനായിരക്കണക്കിന് പാക്ക് പട്ടാളക്കാരാണ് ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങിയത്. അവര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെയാണ് ഇന്ത്യ പാക്കിസ്ഥാന് കൈമാറിയത്. അതാണ് ഈ നാടിന്റെ പാരമ്പര്യം. ഇപ്പോള്‍ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ മുഖത്ത് നിന്നും ഇറ്റുവീഴുന്ന ചോര തുള്ളികള്‍ പാക്ക് ക്രൂരതയുടെ പ്രതിഫലനമാണ്. അതിന് ഒരു തിരിച്ചടി അത് അനിവാര്യം തന്നെയാണ്. രാജ്യം അത് ആഗ്രഹിക്കുന്നുണ്ട്. അതേസമയം ഇപ്പോൾ പാക്കിസ്ഥാൻ നിരുപാധികം അഭിനന്ദിനെ മോചിപ്പിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഇന്ത്യ നടപടിയിൽ നിന്നും പിൻതിരിയരുത്. ഭീകര കേന്ദ്രങ്ങൾ പൂർണ്ണമായും ഇല്ലായ്മ ചെയ്തതിനു ശേഷം മാത്രമേ ഓപ്പറേഷൻ അവസാനിപ്പിക്കാവൂ.അല്ലങ്കിൽ വീണ്ടും പാക്ക് ഭീകരത തലപൊക്കും.

Top