ശത്രു മടയില്‍ പോയി അഭിനന്ദന്‍ മീശ വച്ച് മലയാളിയുടെ മാസ് മറുപടി

ദോഹ: അഭിനന്ദന്‍ മീശയാണ് ഇപ്പോള്‍ ഇന്ത്യക്കാരുടെ പുതിയ ഫാഷന്‍. പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചിടുകയും പാക്ക് തടങ്കലില്‍ നിന്ന് ധീരനായി തിരിച്ചെത്തുകയും ചെയ്ത അഭിനന്ദനോടുള്ള ആദരവ് തങ്ങളുടെ മീശയിലൂടെ അറിയിക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ ഇന്ത്യാക്കാര്‍.

അഭിനന്ദന്റെ മീശവെക്കുന്നത് തന്നെ അഭിമാനമായാണ് ഇപ്പോള്‍ ഓരോ ഇന്ത്യക്കാരും കാണുന്നത് അപ്പോള് ആ മീശ വെച്ചു തരുന്നത് ഒരു പാക്കിസ്ഥാനി ബാര്‍ബര്‍ കൂടി ആയാലോ ഇരട്ടി സന്തോഷത്തിന് പിന്നെ വേറെന്ത് വേണം. ഇത്തരത്തില്‍ ഒരു പാക്കിസ്ഥാനി ബാര്‍ബറെക്കൊണ്ട് തന്റെ ‘അഭിനന്ദന്‍’ മീശവെപ്പിച്ച സന്തോഷത്തിലാണ് ഖത്തറിലെ മലയാളി വ്യവസായി ജിബി ഏബ്രഹാം.

ദോഹയില്‍ പാക്കിസ്ഥാനി യുവാവ് നടത്തുന്ന സലൂണില്‍ നിന്നാണ് ജിബി ‘അഭിനന്ദന്‍ മീശ’ വച്ചത്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സ്വദേശി അബ്ദുല്‍ കരീം ഇസയാണ് ബ്യൂട്ടീഷന്‍. മീശ വച്ച ശേഷം സലൂണിലെ കസേരയില്‍ നിന്ന് എഴുന്നേറ്റ ഉടനെ അവിടെ ഉണ്ടായിരുന്ന അപരിചിതരായ ചിലര്‍ തനിക്ക് ഹസ്തദാനം ചെയ്തെന്നും കൈയടിച്ചെന്നും എറണാകുളം തിരുവാണിയൂര്‍ ഇലയിടത്ത് ഇഞ്ചിപ്പറമ്പില്‍ കുടുംബാംഗമായ ജിബി പറഞ്ഞു.

ഖത്തറില്‍ അഭിനന്ദന്‍ മീശ വച്ച് നടക്കുന്നതിലൂടെ രാജ്യത്തിന്റെയും സേനയുടെയും അഭിമാനം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ഇതിനകം മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഭാരതീയര്‍ ‘അഭിനന്ദന്‍ മീശ’ സ്വന്തമാക്കിയെന്നും ജിബി പറഞ്ഞു. ഖത്തറില്‍ ഡി.ഡി ഗ്രൂപ്പ് എം.ഡിയാണ് ജിബി.

Top