അഭിമന്യു വധക്കേസ്; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പൊലീസിന്റെ പിടിയിലായി. വള്ളികുന്നം സ്വദേശികളായ പ്രണവ് (23) , ആകാശ് (20) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇരുവരും അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് പങ്കുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

മുഖ്യ പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത്, കൂട്ടുപ്രതി വിഷ്ണു തമ്പി എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനോട് ഉണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അനന്തുവിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി സജയ് ജിത്ത് പൊലീസിനോട് സമ്മതിച്ചു. ക്ഷേത്രോത്സവത്തിനിടെ അഭിമന്യുവുമായി വാക്കേറ്റം ഉണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സജയ് ജിത്ത് വെള്ളിയാഴ്ച പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് കീഴടങ്ങിയതെന്ന് സജയ് ജിത്ത് പൊലീസിനോട് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റൊരു പ്രതിയായ ജിഷ്ണുവിനെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് ജിഷ്ണുവിനെയും കസ്റ്റഡിയില്‍ എടുത്തു.

ഉത്സവപറമ്പിലെ സംഘര്‍ഷത്തിനിടയില്‍ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് സജയ് ജിത്ത് ആണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ജിഷ്ണുവാണ്. കേസില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുളള അഞ്ച് പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.

 

Top