മഹാരാജാസ് കോളജ് വിദ്യാർഥി എ അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ തിങ്കളാഴ്ച വിചാരണക്കോടതിക്ക് കൈമാറി. വിചാരണ തുടങ്ങാനിരിക്കെ കുറ്റപത്രം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ആശുപത്രിയിലെ രേഖകള്‍, കാഷ്വാലിറ്റി രജിസ്റ്റര്‍, കസ്റ്റമര്‍ ആപ്ലിക്കേഷന്‍, സൈറ്റ് പ്ലാന്‍, കോളജില്‍ നിന്ന് നല്കിയ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് നഷ്ടമായത്. മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ 2018ലാണ് ക്യാന്പസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയത്.
കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും. 11 രേഖകളുടെ സർട്ടിഫിക്കേറ്റ് കോപ്പിയാണ് വിചാരണക്കോടതിക്ക് മുമ്പാകെ പ്രോസിക്യൂഷൻ ഹാജരാക്കിയത്. കേസിലെ കാണാതായ രേഖകളെ സംബന്ധിച്ച് കോടതിയാണ് ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂഷന് യാതൊരു ആശങ്ക ഇല്ലെന്നും പ്രോസിക്യൂട്ടര്‍ അഡ്വ ജി മോഹന്‍രാജ് പറഞ്ഞു. വിചാരണയെ ഇതു യാതൊരു തരത്തിലും ബാധിക്കില്ലെന്നും മോഹന്‍രാജ് പറഞ്ഞു.
വിശ്വാസവും പ്രതീക്ഷയും ഉള്ള കോടതിയിൽ നിന്ന് രേഖകൾ കാണാതായത് നിസ്സാരമായി കാണുവാൻ കഴിയില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അഭിമന്യുവിൻ്റെ കുടുംബം ആവശ്യപ്പെട്ടു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരായിരുന്നാലും വെളിച്ചത്തു കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ – ക്യാംപസ് ഫ്രണ്ട് തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. 26 പ്രതികളും 125 സാക്ഷികളുമാണ് കേസിൽ ഉള്ളത്. സഹൽ ഹംസയാണ് അഭിമന്യുവിനെ കുത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു.