അഭിമന്യുവിനെ കോളജിലേക്ക് വിളിച്ചുവരുത്തിയത് പൊലീസ് തിരയുന്ന മുഹമ്മദ്

കൊച്ചി: മഹാരാജാസ് കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട ദിവസം ഫോണില്‍ വിളിച്ചതു കേസില്‍ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്നു സൂചന. മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയാണു മുഹമ്മദ്.

കൊലയാളി സംഘത്തിലെ പ്രതികള്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്നു രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും പൊലീസ് മുഹമ്മദ് അടക്കമുള്ളവര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് കൈമാറിയിട്ടുണ്ട്.

അതേസമയം, ആക്രമികള്‍ക്ക് അഭിമന്യുവിനെ കാണിച്ചു കൊടുത്തതും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയാണെന്ന് അറസ്റ്റിലായ മറ്റൊരു പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക്‌ പോയ അഭിമന്യുവിനെ എറണാകുളത്തു നിന്നു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതായി ബന്ധുക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

മാത്രമല്ല, പോസ്റ്റര്‍ ഒട്ടിക്കുന്നതിനെച്ചൊല്ലി എസ്എഫ്‌ഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ കോളജിനു സമീപത്തെ രഹസ്യതാവളത്തില്‍ തങ്ങിയിരുന്ന കൊലയാളി സംഘത്തെ ക്യാംപസിലേക്കു വിളിച്ചുവരുത്തിയതു മുഹമ്മദാണെന്ന മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്.

Top